തൊടുപുഴ: ഇടുക്കിയിലെ ഭൂവിഷയത്തിൽ സുപ്രീംകോടതിയിൽ കേസ് നൽകിയതിന്റെ മറവിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും വിധി അട്ടിമറിയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേരളകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് തൊടുപുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടുക്കി ജില്ലക്കാർക്ക് ഒരു നിയമവും മറ്റ് ജില്ലക്കാർക്ക് മറ്റൊരു നിയമവും എന്നത് അംഗീകരിക്കാനാവില്ല. ഇത് ഇരട്ട നീതിയാണ്. ഇടുക്കിയിലെ ജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണ്. സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം. പട്ടയ ഭൂമിയിൽ സംസ്ഥാന വ്യാപകമായി നിയന്ത്രണം നടപ്പിലാക്കാനാവില്ല. എന്നാൽ ഇടുക്കി ജില്ലയുടെ പ്രത്യേകത കണക്കിലെടുത്ത് നിയന്ത്രണം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് സുപ്രീംകോടതിയിൽ സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു. സർവ്വകക്ഷിയോഗ തീരുമാനത്തിനും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിനും എതിരാണ് ഇത്. പറയുന്ന കാര്യങ്ങളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ച് നിയമവും ചട്ടവുംഭേദഗതി ചെയ്ത് കർഷകർക്ക് ആശ്വാസം നൽകാൻ തയ്യാറാകണം. അരനൂറ്റാണ്ടിലേറെ കഴിഞ്ഞ കാലഹരണപെട്ട നിയമവും ചട്ടവുംഭേദഗതി ചെയ്യണം. നിയമഭേദഗതി ഉണ്ടാകുന്നതു വരെ സമരവുമായി മുന്നോട്ടു പോകും. മറ്റു ജില്ലകളിലെ പൗരൻമാർക്കുള്ള എല്ലാ അവകാശവും ഇടുക്കിയിലെ ജനങ്ങൾക്കുമുണ്ടാവണം. ഇക്കാര്യത്തിൽ മന്ത്രി എം.എം. മണി നിലപാട് വ്യക്തമാക്കണം. സുപ്രീംകോടതിയിൽ നൽകിയ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.പി കെ. ഫ്രാൻസിസ് ‌ജോർജ്, കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ, ജോസഫ് ‌ജോൺ, ജോസി ജേക്കബ്, എം. മോനിച്ചൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.