uthaghadanam
ചെറുതോണിയിൽ പുതിയ പാലത്തിന്റെ നിർമാണ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കുന്നു.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ശിലാഫലകം അനാവരണം ചെയ്തു

ചെറുതോണി: ചെറുതോണിയിൽ പെരിയാറിനു കുറുകെ പുതിയ പാലത്തിന്റെനിർമാണത്തിന് തുടക്കമായി. ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെയും മുഖ്യസാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസിലൂടെ ശിലാഫലം അനാവരണം ചെയ്തു. കേരളത്തിലെ ദേശീയ പാതകളുടെ വികസനത്തിന്റെ ഭാഗമായിട്ടാണ് ചെറുതോണിയിൽ പുതിയ പാലം വരുന്നത്. മഹാപ്രളയത്തിൽ തകർന്ന പാലത്തിന് പകരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്.ചെറുതോണി ഉൾപ്പെടെ ഏഴു വികസന പദ്ധതികൾക്കാണ് ഇന്നലെ തുടക്കമിട്ടത്.ദേശീയപാതാ വിഭാഗം ഡയറക്ടർ ജനറൽ ഐ കെ. പാണ്ഡെ ആമുഖപ്രഭാഷണം നടത്തി.

24 കോടി മുതൽ മുടക്കി നിർമിക്കുന്ന ഈ പാലം ഭാവിലെ ഏതു പ്രളയത്തെയും അതിജീവിക്കാൻ കഴിയുന്നതാണ്. 18 മാസത്തിനുളളിൽ പാലം നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌.മധുരയിലെ കെ എസ് കമ്പനിക്കാണ് പാലത്തിന്റെ നിർമാണ ചുമതല.

കേരളത്തിന്റെ ദേശീയപാതാ വികസനത്തിൽ അതീവ താത്പര്യത്തോടെ മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പ്രശംസിച്ചു. .മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊതുമരാമത്തു മന്ത്രി ജി. സുധാകരനും നടത്തിയ ആത്മാർഥ ശ്രമങ്ങളുടെ ഫലമായി ഇക്കാര്യത്തിൽ വിജയം കണ്ടു. മുഖ്യമന്ത്രി പലതവണ തന്നെ വന്നു കണ്ട കാര്യം കേന്ദ്രമന്ത്രി അനുസ്മരിച്ചു. റോയൽറ്റി ഉൾപ്പെടെ മറ്റു വിഷയങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കേന്ദ്ര ഉപരിതല മന്ത്രിയായി നിതിൻ ഗഡ്കരി അല്ലായിരുന്നുവെങ്കിൽ കേരളത്തിലെ ദേശീയപാതാ വികസനം യാഥാർഥ്യമാകുമോയെന്നു സംശയിക്കേണ്ടി വന്നേനെയേന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോഴത്തെ ദേശീയപാതാ വികസനം ഇടുക്കി നിവാസികൾക്ക് ഏറെ ആഹ്ളാദം പകരുന്നതാണ്.കേരളത്തിൽ ദേശീയപാതാ വികസനം ഇനി സാദ്ധ്യമല്ലെന്നു കണ്ടു പിൻമാറിയ ദേശീയപാതാ വികസന അതോറിട്ടിയെ തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. കേരളത്തിന്റെ വികസന ആവശ്യങ്ങൾ നിറവേറ്റാൻ ദേശീയപാതയുടെ വികസനം അനിവാര്യമാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വലിയ പിന്തുണ നൽകി. കേന്ദ്രമന്ത്രി ഗഡ്കരിയുടെ പിന്തുണ വളരെ വലുതാണ്. മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഉപരിതല സഹ മന്ത്രി വി. കെ. സിംഗ്, മന്ത്രിമാരായ ജി. സുധാകരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ. കെ. ശശീന്ദ്രൻ, ഡീൻ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിൻ എം എൽ എ, ജില്ലാകളക്ടർ എച്ച്. ദിനേശൻ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ഗ്രാപഞ്ചായത്തംഗങ്ങളായ പി. എസ്. സുരേഷ്, കെ എം ജലാലുദീൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.