udumbanchola
ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസ് കെട്ടിടം

ഇടുക്കി: ജില്ലയിൽ ഉടുമ്പഞ്ചോല എക്‌സൈസ് സർക്കിൾ ഓഫീസ്, തങ്കമണി റേഞ്ച് ഓഫീസുകൾ ഉൾപ്പെടെ സംസ്ഥാനത്തെ നാല് എക്‌സൈസ് ഓഫീസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഉടുമ്പഞ്ചോല എക്‌സൈസ് സർക്കിൾ ഓഫീസ്, ബദിയഡുക്ക, മട്ടന്നൂർ, തങ്കമണി എക്‌സൈസ് റെയ്ഞ്ച് ഓഫീസുകൾക്കും വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ ഇ.പി.ജയരാജൻ, ഇ ചന്ദ്രശേഖരൻ, കെ.കെ.ശൈലജ ടീച്ചർ, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, എ ഡി ജി പി എസ്.ആനന്ദകൃഷ്ണൻ എന്നിവർ ഓൺലൈനായി പങ്കെടുത്തു. മന്ത്രി എം.എം.മണിയുടെ സന്ദേശം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജി.പ്രദീപ് വായിച്ചു.

നെടുങ്കണ്ടത്ത് റവന്യൂ വകുപ്പിന്റെ കെട്ടിടത്തിലാണ് ഉടുമ്പൻചോല സർക്കിൾ ഓഫീസ് പ്രവർത്തിച്ചിരുന്നത്. 75 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 13 പഞ്ചായത്തുകളും 17 വില്ലേജുകളും ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസ് പരിധിയിൽ ഉൾപ്പെടുന്നു. നൂതന കോൺഫറൻസ് ഹാൾ, ഓഫീസ് സൗകര്യങ്ങളടക്കം മുവായിരം ചതുരശ്ര അടി വിസ്തീർണത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുമാണ് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ രണ്ടാം നിലയിൽ സർക്കിൾ ഓഫീസിന് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എക്‌സൈസ് ഓഫീസുകൾ ഒരു കെട്ടിട സമുച്ചയത്തിലാകുന്നതോടെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപ്പിക്കാനാകും.
എക്‌സൈസ് സർക്കിൾ ഓഫീസ് അങ്കണത്തിൽ ചേർന്ന പ്രാദേശിക യോഗത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ ശിലാഫലകം അനാചാദനം ചെയ്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരം അദ്ധ്യക്ഷത വഹിച്ചു. ത്രിതലപഞ്ചായത്തംഗങ്ങളായ ശ്രീമന്ദിരം ശശികുമാർ, കെഎൻ തങ്കപ്പൻ, മധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണർ കെ.സുരേഷ് ബാബു, ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടോമി ജേക്കബ്, ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

തങ്കമണിയിൽ പ്രാദേശിക യോഗത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് ശിലാഫലകം അനാച്ഛാദനം ചെയ്തു. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന ഓഫീസിനായി തങ്കമണിയിൽ കാമാക്ഷി ഗ്രാമപഞ്ചായത്തിനോടു ചേർന്ന് 63 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടവും കുഴൽകിണർ, റോഡ് കോൺക്രീറ്റിംഗ്, കാർഷെഡ്, മുറ്റം ഇന്റർലോക്കിംഗ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. യോഗത്തിൽ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ് , വൈസ് പ്രസിഡന്റ് ഷൈനി മാവേലിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് എസ്.റ്റി. അഗസ്റ്റിൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.