മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തൊടുപുഴ: ഹരികേരളം മിഷൻ ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തു തീർത്ത ആയിരത്തിലേറെ പച്ചത്തുരുത്തുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10 ന് ഓൺലൈനായി നിർവഹിക്കും. പച്ചത്തുരുത്ത് പദ്ധതിയുടെ അവലോകന റിപ്പോർട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അതിജീവനത്തിന് ജൈവവൈവിധ്യത്തിന്റെ ആയിരം പച്ചത്തുരുത്തുകൾ ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭം ലക്ഷ്യം കടന്ന് ഇതുവരെ 1261 പച്ചത്തുരുത്തുകൾ പൂർത്തിയാക്കിയതായി ഹരികേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ അറിയിച്ചു.
പൊതു സ്ഥലങ്ങളുൾപ്പെടെ തരിശ് സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും ദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ചെടുക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വർഷത്തെ തുടർ പരിചരണവും ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാന ഐ.ടി.മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, തൈകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ അടയാളപ്പെടുത്തുന്ന മാപ്പത്തോൺ പ്രവർത്തനങ്ങളും നടന്നുവരികയാണ്. 590 പഞ്ചായത്തുകളിലായി 454 ഏക്കർ വിസ്തൃതിയിലാണ് 1261 പച്ചത്തുരുത്തുകൾ ഉള്ളത്.