കൺട്രോൾ റൂം ഫോൺ നമ്പർ: 9496011994
ഇടുക്കി: രണ്ട് വർഷങ്ങൾക്ക് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കുമോ... മഴ കനക്കുംതോറും ഏവരുടെയും മനസിൽ ഉയരുന്ന ചോദ്യമിതാണ്. 26 വർഷങ്ങൾക്ക് ശേഷം 2018 ലെ പ്രളയത്തോടനുബന്ധിച്ചാണ് ഇടുക്കി ഡാം അവസാനമായി തുറന്നത്. കഴിഞ്ഞമാസം അവസാനത്തോടെ ബ്ലൂ അലർട്ട് ലെവൽ പിന്നിട്ടിരുന്നുവെങ്കിലും മഴ കുറവായതിനാൽ ജാഗ്രതാ നിർദേശം നൽകിയില്ല. ഇപ്പോൾ ബ്ലൂ അലേർട്ട് പ്രഖ്യാപിക്കേണ്ടി വന്നതിനാൽ ഇനി തുലാമഴ കൂടി വരാനിരിക്കെ ഡാം തുറക്കുന്ന സാഹചര്യം തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം. സാധാരണയായി ഇടുക്കിയുടെ 30ശതമാനം നിറയുന്നത് തുലാമഴയിലാണ്. ന്യൂനമർദ്ദംകൂടി എത്തിയാൽ ഇതിന് വേഗത കൂടും. എന്നാൽ പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ച് ഡാം തുറക്കുന്ന സാഹചര്യം ഇല്ലാതാക്കാനാണ് അധികൃതരുടെ ശ്രമം. കെ.എസ്.ഇ.ബി ചെയർമാന്റെയും ഡയറക്ടർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഓൺലൈനായി നടന്ന യോഗത്തിലാണ് തീരുമാനം. വൈദ്യുതി ഉത്പാദനം കൂട്ടിയതോടെ കൂടുതൽ ജലമൊഴുകിയെത്തുന്നതിനാൽ മലങ്കര ഡാമിന്റെ ആറ് ഷട്ടറും 20 സെ.മീ. വീതം ഇന്നലെ വൈകിട്ട് തുറന്നു.
സ്ഥിതി വിലയിരുത്തി
ബ്ലൂ അലേർട്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ കൈക്കൊള്ളേണ്ട സുരക്ഷാ നടപടികൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ, പഞ്ചായത്ത്, പോലീസ് അധികൃതരുടെ നിരീക്ഷണ സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാഴത്തോപ്പ്, ഉപ്പതോട് വില്ലേജ് ആഫീസർമാർ ദുരിത ബാധ്യതാ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങൾക്ക് ക്യാമ്പുകളിലേക്ക് മാറുന്നതിന് തയ്യാറെടുക്കാൻ മുന്നറിയിപ്പ് നോട്ടീസ് നൽകും. കഞ്ഞിക്കുഴി, മരിയാപുരം, വാഴത്തോപ്പ്, വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് തലത്തിൽ യോഗം വിളിച്ച് സ്ഥിതിഗതി വിശദീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകൾക്കാവശ്യമായി വരുന്ന കെട്ടിടങ്ങൾ കണ്ടെത്തി ഏറ്റെടുക്കാനും സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. വരും ദിവസങ്ങളിലെ മഴയുടെ തീവ്രത പരിശോധിച്ച് എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാരെക്കൂടി ഉൾപ്പെടുത്തി ആവശ്യമെങ്കിൽ അവലോകനം യോഗം ചേരും.
കൊവിഡും കാരണം
കൊവിഡ് പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞതാണ് ഇടുക്കി അണക്കെട്ട് ഇപ്പോൾ നിറയാൻ ഇടയാക്കിയത്. കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വാണിജ്യതലത്തിലുള്ള വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവ് വന്നിരുന്നു. ഇതാണ് ഇടുക്കിയിലെ ഉത്പാദനം കുറച്ച് നിറുത്താൻ കാരണമായത്. മറിച്ച് ഉപഭോഗം ഉയർന്നാൽ പ്രശ്‌നം പരിഹരിക്കാനുമാകും.