atm

ചെറുതോണി:തോപ്രാംകുടിയിൽ സെൻട്രൽ ജംഗ്ഷനിലെ ഫെഡറൽ ബാങ്ക് എ.ടി എം തകർത്ത് മെഷീൻ കടത്താൻ ശ്രമം നടന്നു.വാഹനം ഉപയോഗിച്ച് മെഷിൻ തകർക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം കേട്ട് ആളുകൾ എത്തിയതോടെ മോഷ്ടാക്കൾ കടന്ന് കളഞ്ഞു.
ഇന്നലെ പുലർച്ചെ രണ്ടേകാലിന് ശേഷമാണ് തോപ്രാംകുടി സർവ്വീസ് സഹകരണ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് എ ടി എം ൽ മോഷണശ്രമം നടന്നത്. എ ടി എം കൗണ്ടറിന്റെ ഗ്ലാസ് തകർത്ത് എ ടി എം മിഷ്യൻ വാഹനം ഉപയോഗിച്ച് കെട്ടിവലിച്ച് പൊളിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു.ഈ സമയം സമീപത്ത് ഉണ്ടായിരുന്ന സഹകരണ ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ഗ്ലാസ് തകരുന്ന ശബ്ദം കേട്ട് പുറത്തേക്ക് എത്തിയപ്പോഴേക്കും മോഷ്ടാക്കൾ വാഹനവുമായി കടന്ന് കളഞ്ഞു. മാരുതി സിഫ്റ്റ് ഡിസയർ കാറിലാണ് മോഷ്ടാക്കൾ എത്തിയതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ബാങ്ക് ജീവനക്കാർ അറിയിച്ചതനുസരിച്ച് മുരിക്കാശ്ശേരി പൊലിസ് സ്ഥലത്തെത്തിയിരുന്നു. തുടർന്ന് രാവിലെ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മുരിക്കാശേരി സി.ഐ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.