
തൊടുപുഴ: ധാർമ്മികതയുടെ പേരിലാണെങ്കിൽ രാജ്യസഭാ എം.പി സ്ഥാനം മാത്രമല്ല യു.ഡി.എഫിൽ നിന്ന് ജയിച്ച എല്ലാ സീറ്റുകളും ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. കെ.എം. മാണിയെ നിയമസഭയിൽ ബഡ്‌ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാതെ വളഞ്ഞിട്ട് ആക്രമിച്ച സി.പി.എമ്മിനൊപ്പമാണ് ജോസ് കെ. മാണി പോയിരിക്കുന്നത്. അന്ന് യു.ഡി.എഫാണ് മാണിക്കൊപ്പം നിന്നത്. അത് മറന്നുകൊണ്ടാണ് ഇപ്പോൾ സംസാരിക്കുന്നത്. പാലായിൽ വഞ്ചിച്ചത് ജോസ് കെ. മാണി തന്നെയാണ്. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ തന്നെ കൂവി അധിക്ഷേപിക്കുമായിരുന്നില്ല. കെ.എം. മാണിയാണ് ചിഹ്നമെന്ന് പറഞ്ഞത് ജോസ് തന്നെയാണ്. പിന്നെ എങ്ങനെയാണ് ചിഹ്നം കൊടുത്തില്ലെന്ന ആക്ഷേപം ഉയരുന്നത്. ആരൊക്കെയാണ് പിന്നിൽ നിന്ന് കുത്തിയതെന്ന് വ്യക്തമാക്കണം. ആരും അവരെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതല്ല. കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടാക്കിയ കരാർ പാലിക്കാതെ സ്വയം പോയതാണ്. മാണിയെ സ്നേഹിക്കുന്നവർ യു.ഡി.എഫിലുള്ളവരാണ്. താൻ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടുവെന്നത് സത്യവിരുദ്ധമാണ്. തൊടുപുഴയിൽ കാണാമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നു. സീറ്റിനേക്കാൾ പ്രാധാന്യം ആശയങ്ങൾക്കാണെന്നാണ് ജോസ് പറഞ്ഞത്. അതിന്റെ അർത്ഥം പാലാ സീറ്റ് വിട്ടുനൽകിയെന്നാണ്. കേരളകോൺഗ്രസിന്റെ ഒരു സീറ്റും യു.ഡി.എഫ് പിടിച്ചെടുക്കുമെന്ന് കരുതുന്നില്ലെന്നും ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.