
തൊടുപുഴ: വിദ്യാഭ്യാസ മേഖലയിൽ ഗവ.സ്‌കൂൾ ടീച്ചേഴ്‌സ് വെൽഫയർ ഓർഗനൈസേഷൻ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. വിദ്യാർത്ഥികൾക്ക് അറിവു പകർന്നു നൽകുന്നതിനോടൊപ്പം ഓൺലൈൻ പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന വെല്ലുവിളികൂടി ഓർഗനൈസേഷൻ ഏറ്റെടുത്തിരിക്കുകയാണ്. ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷനുകൾ, സ്മാർട്ട് ഫോണുകൾ മറ്റു പഠനോപകരണങ്ങൾ എന്നിവ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതോടൊപ്പം നിർദ്ധന വിദ്യാർത്ഥികൾക്ക് വീടു നിർമ്മിച്ചു നൽകുകയും ചെയ്തപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും എം. പി വാഗ്ദാനം ചെയ്തു.
അരിക്കുഴ ഗവ.ഹൈസ്‌കൂളിൽ നടത്തിയ സ്മാർട്ട് ഫോൺ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.3 വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ എം. പി യിൽ നിന്നും ഫോൺ ഏറ്റുവാങ്ങി.രക്ഷാധികാരി വി.എം.ഫിലിപ്പച്ചൻ അദ്ധ്യക്ഷനായിരുന്നു.പ്രസിഡന്റ് പി.എം.നാസർ, മണക്കാട് മണ്ഡലം കോൺ.പ്രസിഡന്റ് ബി.സഞ്ജയകുമാർ, പി. ടി. എപ്രസിഡന്റ് ഏ.ജി.സുകുമാരൻ, പി.പൗലോസ്, ടോണി കുര്യാക്കോസ്, ആർ.പി.ജോർജ് കുട്ടി,എം. പി. ടി. എ അപ്രസിഡന്റ് പ്രിയ മനോജ് എന്നിവർ പ്രസംഗിച്ചു.