തൊടുപുഴ: നഗരസഭയിൽ ഒരു കൗൺസിലർ മാത്രമുള്ള പാർട്ടിയുടെ നേതാവായ പി.ജെ. ജോസഫ് പാലാ പിടിക്കാൻ വണ്ടികൂലി മുടക്കി പുറപ്പെടുന്നതിന് മുമ്പ് തൊടുപുഴ പിടിക്കാൻ നോക്കുന്നതായിക്കും നല്ലതെന്ന് കേരളാ കോൺഗ്രസ് (എം)​ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി . കേരളാ കോൺഗ്രസ് ഉണ്ടായകാലം മുതൽ പാലാ നഗരസഭ കേരളാ കോൺഗ്രസ് (എം)​ ഒറ്റയ്ക്കാണ് ഭരിക്കുന്നതെന്നു ഓർക്കുന്നതു നന്നായിരിക്കും. തൊടുപുഴ നഗരസഭയിൽ മാണിഗ്രൂപ്പിന് രണ്ടു തവണ ചെയർമാൻ സ്ഥാനം ജോസഫിന്റെ സഹായമില്ലാതെ ലഭിച്ചിട്ടുണ്ട്. ഇടതുമുന്നണിയിൽ ചേരാനുള്ള ചെയർമാൻ ജോസ് കെ. മാണിയുടെ പ്രഖ്യാപനം നിയോജക മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ. ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. ബിനു തോട്ടുങ്കൽ, ജോസ് കവിയിൽ,​ ജൂണിഷ് കള്ളിക്കാട്ട്, ജോസി വേളാച്ചേരി, അഡ്വ. മധു നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.