
തൊടുപുഴ : ആദായ നികുതിയുടെ പരിധിയിൽ വരാത്ത അറുപതു വയസ്സു കഴിഞ്ഞ ചെറുകിട കർഷകർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു. അയ്യായിരം രൂപ കേന്ദ്രഗവൺമെന്റും അയ്യായിരം രൂപ സംസ്ഥാന സർക്കാരും തുക പങ്കുവച്ച് ഇതിനായുള്ള പണം കണ്ടെത്തണമെന്ന് പി.ജെ.ജോസഫ് പറഞ്ഞു.
യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയാൽ ചർച്ചയിലൂടെ പെൻഷൻ പദ്ധതി നടപ്പിലാക്കാൻ പരിശ്രമിക്കും. സാമ്പത്തിക വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് വെബിനാറുകൾ സംഘടിപ്പിച്ചും, യു.ഡി.എഫ്. സംസ്ഥാന നേതൃത്വത്തിൽ ചർച്ച ചെയ്തും ഇക്കാര്യത്തിൽ എല്ലാവരുടെയും പിൻതുണ തേടുമെന്നും ജോസഫ് പറഞ്ഞു. പെൻഷൻ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) സംസ്ഥാന വ്യാപകമായി നടത്തിയ സത്യാഗ്രഹ സമര പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം തൊടുപുഴയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പി.ജെ.ജോസഫ് . സത്യാഗ്രഹ സമരത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് , ഉന്നതാധികാര സമിതി അംഗം അഡ്വ. ജോസഫ് ജോൺ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അഗം എം. മോനിച്ചൻ, മണ്ഡലം പ്രസിഡന്റ്ഫിലിപ്പ് ചേരിയിൽ എന്നിവർ പ്രസംഗിച്ചു.