തൊടുപുഴ : പച്ചത്തുരുത്തുകളെ നന്നായി പരിപാലിക്കുന്ന ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ ഹരിതകേരളം മിഷൻ ആദരിക്കുന്നു. ഹരിതകേരളം മിഷന്റെ അനുമോദനപത്രമാണ് ഇന്ന് രാവിലെ വിവിധ പച്ചത്തുരുത്തുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് സമ്മാനിക്കുക.ജില്ലയിൽ 16 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 25 പച്ചത്തുരുത്തുകളാണുള്ളത്.
സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതിനോടനുബന്ധിച്ചാണ് ജില്ലയിലും ചടങ്ങുകൾ നടക്കുന്നത്. കേരളത്തിലെ പച്ചത്തുരുത്തുകളെക്കുറിച്ചുള്ള അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്തുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും സംഘടിപ്പിച്ചിട്ടുണ്ട്. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ കാഞ്ഞാർ പച്ചത്തുരുത്തിൽ നടക്കുന്ന ചടങ്ങിൽ സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ സാബി വർഗ്ഗീസ് , പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരന് പുസ്തകം നൽകി പ്രകാശനം ചെയ്യും.
ആദരവ് ഇവർക്ക്
,കട്ടപ്പന നഗരസഭ, അടിമാലി, കുമളി, പെരുവന്താനം, കുടയത്തൂർ, മുട്ടം,നെടുങ്കണ്ടം,ശാന്തൻപാറ,വാഴത്തോപ്പ് ,വണ്ണപ്പുറം, പാമ്പാടുംപാറ, രാജകുമരി, സേനാപതി, കരുണാപുരം ,കഞ്ഞിക്കുഴി രാജാക്കാട്, വെള്ളിയാമറ്റം പഞ്ചായത്തുകൾ
എന്നിങ്ങനെ 17 തദ്ദേശസ്ഥാപനങ്ങളെയാണ് ആദരിക്കുന്നത്.
കൂടുതൽ മുട്ടത്ത്
മുട്ടം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകളുള്ളത് .ഒന്നാം വാർഡിൽ മാത്രമായി നാല് പച്ചത്തുരുത്തുകളാണുള്ളത്.കാഞ്ഞാറിലേതാണ് ജില്ലയിലെ ഏറ്റവും വലിയ പച്ചത്തുരുത്ത്. 1400 മരങ്ങളാണ് ഇവിടെയുള്ളത്.സേനാപതിയിലും വണ്ണപ്പുറത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, വാഴത്തോപ്പിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ, കുടയത്തൂരിൽ തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ബിൻസ് സി തോമസ്, മുട്ടത്ത് ജില്ലാ ജഡ്ജി മുഹമ്മദ് വസീം, നെടുങ്കണ്ടത്തും കരുണാപുരത്തും ജില്ലാ പഞ്ചായത്തംഗം മോളി മൈക്കിൾ ,പാമ്പാടുംപാറയിൽ കൃഷി ഓഫിസർ ബോൺസി ജോസഫ്,ശാന്തമ്പാറയിൽ കൃഷി ഓഫീസർ ടി എസ് അശ്വതി, രാജാക്കാട് ഡോ.എം എസ് നൗഷാദ്,രാജകുമാരിയിൽ കൃഷി ഓഫിസർ എം എസ് ജോൺസൺ,കട്ടപ്പന മുനിസിപ്പാലിറ്റിയിൽ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. സി പി റോയി ,അടിമാലിയിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലി സുരേന്ദ്രൻ,കുമളിയിൽ അഴുത ബ്ലോക്ക് പ്രസിഡന്റ് ആലീസ് സണ്ണി,കഞ്ഞിക്കുഴിയിൽ ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് റെജി മുക്കാട്ട്, പെരുവന്താനത്ത് ജില്ലാ പഞ്ചായത്തംഗം മോളി ഡോമിനിക് എന്നിവരാണ് ഹരിതകേരളത്തിന്റെ അനുമോദന പത്രം സമ്മാനിക്കുന്നത്.