തൊടുപുഴ: കെ.എം. മാണിയെ പിന്നിൽ നിന്ന് കുത്തിയ ഇടതുപക്ഷത്തിനൊപ്പം ജോസ് കെ. മാണി ചേരുന്നത് ആത്മഹത്യാപരമാണെന്ന് മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ പറഞ്ഞു. കെ.എം. മാണി സ്നേഹിച്ച ജനങ്ങളോടും കൃഷിക്കാരോടും കാണിക്കുന്ന ഈ വഞ്ചന അദ്ദേഹത്തിന്റെ ആത്മാവ് പോലും ക്ഷമിക്കില്ല. 13 ബഡ്‌ജറ്റിലൂടെ കൃഷിക്കാരുടെ ആത്മാഭിമാനം ഉയർത്തിപിടിച്ച പ്രഖ്യാപനങ്ങൾ നടത്തിയപ്പോൾ, ഇടതുപക്ഷവും കർഷകവിരുദ്ധരും അദ്ദേഹത്തെ അമ്പെയ്ത് വീഴ്ത്താനാണ് ശ്രമിച്ചിട്ടുള്ളത്. നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ ചെന്നപ്പോൾ അതിനെ തടയുകയും മർദിക്കാൻ പോലും തയ്യാറാവുകയും ചെയ്തവർ ഇന്ന് ജോസ് കെ. മാണിയോട് കാണിക്കുന്ന സ്നേഹം കാപട്യമാണ്. കെ.എം. മാണിയെ കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായി ചിത്രീകരിക്കുകയും കൃഷിക്കാരുടെ ഹൃദയങ്ങളിൽ നിന്ന് അദ്ദേഹത്തെ പറിച്ചെറിയാൻ ശ്രമിക്കുകയും ചെയ്തവർ ഇന്ന് നടത്തുന്ന രാഷ്ട്രീയ നാടകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. കേരളത്തിന് വേണ്ടിയും കൃഷിക്കാർക്ക് വേണ്ടിയും കേരള കോൺഗ്രസ്‌ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ പി.ജെ. ജോസഫ് നടത്തുന്ന പോരാട്ടങ്ങൾക്ക് പാർട്ടിക്കെന്നും ശക്തി പകർന്നുകൊടുത്ത കെ.എം. മാണിയും ഒപ്പം ഉണ്ടായിരിക്കുമെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു.