ഇടുക്കി: ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (ജി.പി.ഡി.പി) തയ്യാറാക്കുന്നതിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ അടിസ്ഥാന വിവര ശേഖരണത്തിനായുളള മിഷൻ അന്ത്യോദയ സർവ്വേ ഒക്‌ടോബർ 21 ന്ആരംഭിക്കും. ജില്ലയിലെ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് സർവ്വേ നടത്തുന്നത്. പഞ്ചായത്തുകളുടെ അടിസ്ഥാന വിഭവസൗകര്യങ്ങൾ വികസന വിടവുകൾ എന്നിവ സംബന്ധിച്ച വിവരശേഖരണമാണ് സർവ്വേയിൽ ഉൾപ്പെടുത്തിയിരുന്നത്. സർവ്വേ പ്രവർത്തനങ്ങൾ നവംബർ 15 നകം പൂർത്തീകരിക്കാൻ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ജോസഫ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ജോസഫ്, എ.ഡി.സി ജനറൽ ശ്രീലേഖ എന്നിവർ സംസാരിച്ചു.