
തൊടുപുഴ: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന മലങ്കര ടൂറിസം ഹബ്ബ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് നിയന്ത്രണം പിൻവലിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ തലത്തിൽ അനുമതി നൽകിയിരുന്നെങ്കിലും ഉത്തരവിൽ മലങ്കര ടൂറിസം ഹബ്ബിനെ ഉൾപെടുത്താതിരുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഹബ്ബിന്റെ ചുമതലയുള്ള അധികൃതർ പ്രശ്നം കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ഹബ്ബ് തുറക്കാൻ തീരുമാനം ആയത്. ടൂറിസം വകുപ്പ് സെക്രട്ടറിയുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി നടത്തിയ വീഡിയോ കോൺഫറൻസിലും ഹബ്ബ് തുറക്കാൻ അനുമതി നൽകിയിരുന്നു.
ജീവനക്കാരുടെ
നേതൃത്വത്തിൽ ശുചീകരണം..........
മലങ്കര ഹബ്ബ് തുറക്കുന്നതിന്റെ മുന്നോടിയായി ഇവിടെയുള്ള ജീവനക്കാരുടെ നേതൃത്വത്തിൽ ഹബ്ബും ചുറ്റ് പ്രദേശങ്ങളും വൃത്തിയാക്കി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ നാളുകളിൽ തന്നെ അടച്ചിട്ടിരുന്ന ഹബ്ബിന്റെ ചുറ്റിലുമുള്ള കാട് വെട്ടി തെളിക്കാനും കൈവിരിയിലും ചുറ്റ് പ്രദേശങ്ങളിലും അണുനാശിനി സ്പ്രേ ചെയ്ത് അണു വിമുക്തമാക്കാനും ജീവനക്കാർ മുന്നിട്ടിറങ്ങി. ഹബ്ബിൽ എത്തുന്നവർക്ക് കൈകഴുകാനും ശരീരത്തിന്റെ താപനില അളക്കാനുള്ള ഉപകരണങ്ങളും സജ്ജമാക്കി.