ഇടുക്കി : ജോസ് കെ. മാണി വിഭാഗത്തെ എൽ.ഡി.എഫിൽ എടുക്കുന്നതോടെ സി.പി.എം ലക്ഷ്യമിടുന്നത് ക്രൈസ്തവ ന്യൂനപക്ഷ മേഖലകളിൽ സ്വാധീനം വർദ്ധിപ്പിക്കാൻ. സി.പി.എമ്മിന് വോട്ടുകുറവുള്ള ഇടുക്കിയടക്കമുള്ള മദ്ധ്യകേരളത്തിലെ ചില മണ്ഡലങ്ങളെങ്കിലും ജോസ് വിഭാഗത്തിലൂടെ പിടിച്ചെടുക്കാനാകുമെന്നാണ് പാർട്ടി കണക്കുക്കൂട്ടുന്നത്. നേരത്തെ ഗാഡ്ഗിൽ- കസ്തൂരിരംഗൻ വിഷയം കത്തിനിന്നപ്പോൾ ഹൈറേഞ്ച് സംരക്ഷണസമിതിയിലൂടെ ന്യൂനപക്ഷ വിഭാഗത്തെ സ്വാധീനിച്ച് ഇടുക്കിയിൽ ഒരു എം.പിയെ നേടിയെടുക്കാൻ സി.പി.എമ്മിന് കഴിഞ്ഞിരുന്നു. അന്നത്തെ ഇടുക്കി ബിഷപ്പടക്കമുള്ളവരായിരുന്നു അന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്നത്. അത്തരമൊരു വലിയ നീക്കം ഉണ്ടായില്ലെങ്കിലും പടിവാതിൽക്കലെത്തിയ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും പിന്നാലെയെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ചലനം സൃഷ്ടടിക്കാനാകുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാൽ മുന്നണി മാറ്റം ഇരുപാർട്ടികളിലെയും സാധാരണ അണികൾ എങ്ങനെയെടുക്കുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്. കെ.എം. മാണിക്കെതിരെ നിയമസഭയിലടക്കം ശക്തമായി സമരം ചെയ്തിരുന്ന സി.പി.എം പ്രവർത്തകർക്ക് ജോസ് വിഭാഗത്തെ ലഡു നൽകി സ്വീകരിക്കാനാകുമോയെന്ന് സംശയമുയരുന്നുണ്ട്. തിരിച്ചും ഇതേ ആശയക്കുഴപ്പം ജോസ് വിഭാഗം പ്രവർത്തകർക്കിടയിലുമുണ്ട്. മൂന്നര പതിറ്റാണ്ടോളം രണ്ട് ചേരിയിൽ നിന്ന ശേഷം ഒരുമിക്കുമ്പോൾ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് കണ്ട് തന്നെയറിയാം.