ഇടുക്കി: രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ യു.ഡി.എഫ് പിന്തുണയോടെ നേടിയ എം.എൽ.എ സ്ഥാനം രാജി വയ്ക്കാൻ റോഷി അഗസ്റ്റിൻ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും സജീവമായ പ്രവർത്തനങ്ങളുടെ ഫലമായാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ റോഷി അഗസ്റ്റിനു മികച്ച വിജയം നേടാനായത്. ഇടുക്കി മണ്ഡലത്തിൽ യു.ഡി.എഫ് കൊണ്ടുവന്ന എല്ലാ വികസന പദ്ധതികൾക്കും തുരങ്കം വച്ച എൽ.ഡി.എഫിനൊപ്പം ചേരാനുള്ള കേരള കോൺസ് ജോസ് വിഭാഗത്തിന്റെ തീരുമാനം തികച്ചും വഞ്ചനാപരമാണ്. ബാർ കോഴ കേസിന്റെ പേരിൽ കെ.എം. മാണിക്കെതിരെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ജില്ലയിൽ നടത്തിയ സമര കോലാഹലങ്ങൾ ജനങ്ങൾ മറന്നിട്ടില്ല. ഈ സമരങ്ങളെയെല്ലാം നഖശിഖാന്തം എതിർത്ത് തോൽപ്പിക്കാൻ ഒപ്പം നിന്നത് ജില്ലയിലെ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരുമാണ്. ആത്മാഭിമാനമുള്ള ഭൂരിഭാഗം പ്രവർത്തകരും യു.ഡി.എഫിനൊപ്പം നില കൊള്ളും. മുറിവേറ്റ പ്രവർത്തകരിൽ പലരും ഇതിനകം കോൺഗ്രസിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലും ചേർന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.