കട്ടപ്പന: നാല് പതിറ്റാണ്ട്കാലം യു.ഡി.എഫിന്റെ ഭാഗമായി പ്രവർത്തിച്ച കേരളാ കോൺഗ്രസിനെ (എം) കോട്ടയം ജില്ലയിലെ ഒരു പ്രാദേശിക വിഷയവുമായി ബന്ധപ്പെടുത്തി മുന്നണിയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ കെ.എം. മാണിയുടെ പൈതൃകവും സ്മരണയും സൂക്ഷിക്കുന്ന കേരളാ കോൺഗ്രസ് (എം) പ്രവർത്തകർ അണിചേരുമെന്ന് കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു. എൽ.ഡി.എഫിന്റെ ഭാഗമാകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു . വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ വരും ദിവസങ്ങളിൽ ചർച്ച നടത്തും. മുന്നണി പ്രവേശനം സംബന്ധിച്ച് എൽ.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നിന്നും അനുകൂലമായ സമീപനമാണ് സ്വീകരിച്ചു വരുന്നത്. ഈ തിരഞ്ഞടുപ്പിൽ കേരളാ കോൺഗ്രസ് (എം) ശക്തി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.