 
കാഞ്ഞാർ: കാഞ്ഞാർ- വെങ്കിട്ട റോഡിന് സമീപം വനം വകുപ്പിന്റെ സ്ഥലത്ത് മാലിന്യങ്ങൾ കുന്നുകൂടി കിടന്നിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല. ശുചിത്വ പദവി കിട്ടിയ പഞ്ചായത്തിലാണ് ജനവാസ മേഖലയിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്. വനം വകുപ്പിന്റെ സ്ഥലത്തായതിനാൽ പഞ്ചായത്ത് അധികൃതരും ഇടപെടുന്നില്ല. വെങ്കിട്ട ഭാഗത്തേക്കും മൂന്നിങ്കവയയിലേക്കുമുള്ള റോഡിനരികിലാണ് മാലിന്യ കൂമ്പാരമുള്ളത്. വനം വകുപ്പിന്റെ ഭൂമിയായതിനാൽ മാലിന്യം അവിടെ തന്നെ കുഴിച്ച് മൂടുന്നതിന് പരിമിതിയുണ്ട്. വാർഡ് മെമ്പർ മുൻകൈ എടുത്ത് മാലിന്യം പലപ്പോഴും ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. വീണ്ടും സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളാനുള്ള സുരക്ഷിത ഇടമായി ഈ പ്രദേശത്തെ തിരഞ്ഞെടുക്കുകയാണ്. രാത്രി സമയങ്ങളിലാണ് കൂടുതലും ഇവിടെ മാലിന്യം തള്ളുന്നത്. മഴക്കാലത്ത് സമീപത്തെ ജലസ്രോതസുകളിലേക്ക് മാലിന്യം ഒലിച്ചിറങ്ങും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന മാലിന്യ കൂമ്പാരം നീക്കാൻ നടപടി സ്വീകരിക്കണമെന്നും ഇവിടെ മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.