തൊടുപുഴ: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടിയോളം കൂടി ഉയർന്ന് 2392.02 അടിയിലെത്തി. സംഭരണശേഷിയുടെ 87.37 ശതമാനമാണിത്. അണക്കെട്ട് തുറക്കാൻ ഇനി ഏഴടിയിൽ താഴെ ജലനിരപ്പ് ഉയർന്നാൽ മതി. 2396.85 അടിയിലെത്തിയാൽ രണ്ടാം ജാഗ്രതാ നിർദേശമായ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. 2397.85ലെത്തിയാൽ റെഡ് അലേർട്ടും പ്രഖ്യാപിക്കും. ജലനിരപ്പ് ഉയർന്നു വരുന്തോറും ഡാമിന്റെ വിസ്തൃതി കൂടിവരുന്നതിനാൽ അത്രപെട്ടെന്ന് നിറയില്ലെന്നാണ് കരുതുന്നത്. തുറന്നുവിടൽ ഒഴിവാക്കാൻ വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടിയിട്ടുണ്ട്. മൂലമറ്റം വൈദ്യുതി നിലയത്തിൽ ചൊവ്വാഴ്ച മുതൽ വർദ്ധിപ്പിച്ച ഉൽപാദനം ബുധനാഴ്ച വൈകിട്ട് മുതൽ ഇരട്ടിയാക്കി. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി വിഹിതം സറണ്ടർ ചെയ്തും സംസ്ഥാനത്തെ മറ്റ് പദ്ധതികളിലെ ഉത്പാദനം കുറച്ചുമാണ് മൂലമറ്റത്ത് ഉത്പാദനം വർദ്ധിപ്പിച്ചത്. ബുധനാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ വൃഷ്ടി പ്രദേശത്ത് 43.8 മില്ലിമീറ്റർ മഴ ലഭിച്ചു.