ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിലെത്തിയാൽ തുറന്നുവിടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ്‌ ജോസ് കുഴികണ്ടം, സെക്രട്ടറി ബാബു ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. 2018 ലും 2395 അടിയായപ്പോൾ തുറന്നു വിടണമെന്ന് ഭാരവാഹികളാവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടും കെ.എസ്.ഇ.ബിയുടെ പിടിവാശിമൂലം വൈകിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് അപകടകരണായ വിധത്തിൽ ജലനിരപ്പ് ഉയർന്നതോടെ ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളും ഒരേസമയം തുറന്നുവിടേണ്ടിവന്നു. തുടർന്ന് നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. അപകടത്തിൽ കൃഷിയും വീടുകളും നശിച്ചവർക്ക് ‌സർക്കാർ നഷ്ടപരിഹാരം നൽകി. എന്നാൽ വ്യാപാരികൾക്ക് ഒരു രൂപയുടെ പോലും നഷ്ടപരിഹാരം നൽകിയില്ല. കഴിഞ്ഞമാസം കളക്ട്രേറ്റിൽ കൂടിയ ഡിസാസ്റ്റർ മാനേജ്മെന്റ് യോഗത്തിൽ ജലനിരപ്പ് 2395 അടിയിലെത്തിയാൽ തുറന്നുവിടാൻ തീരുമാനിച്ചിരുന്നതാണ്. ഇത്സംബന്ധിച്ച് വൈദ്യുതി മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകിയതായി ഭാരാവാഹികൾ അറിയിച്ചു.