എസ്.സി- എസ്.ടി വിദ്യാർത്ഥികളിൽ നിന്നും ഫണ്ട് വാങ്ങുന്നു
തൊടുപുഴ: ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ്‌വൺ അഡ്മിഷനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് നിർബന്ധപൂർവം വലിയ തുക പി.ടി.എ ഫണ്ട് വാങ്ങുന്നു. പട്ടികജാതി- പട്ടിക വർഗ വിദ്യാർത്ഥികളിൽ നിന്ന് പി.ടി.എ ഫണ്ട് ഈടാക്കരുതെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി പണം ചോദിച്ച് വാങ്ങുന്നതായാണ് ആക്ഷേപം. ജില്ലയിലെ എയ്ഡഡ് - അൺഎയ്ഡഡ് സ്കൂളുകളിലാണ് കൊവിഡ്കാലത്തെ ഈ കൊള്ള. പൊതു വിഭാഗത്തിലുള്ള ഒരു വിദ്യാർത്ഥിയിൽ നിന്ന് പരമാവധി 500 രൂപ വരെ പി.ടി.എ ഫണ്ട് ഇടാക്കാമെന്നാണ് സർക്കാർ നിർദേശം. എന്നാൽ ആയിരവും രണ്ടായിരവുമാണ് പല സ്കൂൾ അധികൃതരും രക്ഷിതാക്കളിൽ നിന്ന് ഈടാക്കുന്നത്. അതുപോലെ പട്ടികജാതി- പട്ടിക വർഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് പി.ടി.എ ഫണ്ട് വാങ്ങരുതെന്ന് 2007ൽ സർക്കാർ ഉത്തരവുണ്ട്. ഈ ഫീസ് നൽകാതെ തന്നെ അവർ പി.ടി.എ ജനറൽ ബോഡിയിൽ അംഗങ്ങളാകേണ്ടതാണ്. എന്നാൽ ഇതറിയാത്ത നിർദ്ധനരായ രക്ഷിതാക്കളിൽ നിന്ന് കുറഞ്ഞത് 500 രൂപ മുതൽ ചോദിച്ചുവാങ്ങുന്നുണ്ട്. കൊവിഡും ലോക്ക്ഡൗണും മൂലം വരുമാനം നിലച്ച രക്ഷിതാക്കൾ പലരും കടം വാങ്ങിയും മറ്റുമാണ് പണമടയ്ക്കുന്നത്. റെഗുലർ ക്ലാസുകൾ എന്നുമുതൽ ആരംഭിക്കുമെന്ന് പോലും അറിയില്ലെന്നതാണ് കൗതുകം. കുട്ടികളുടെ അഡ്മിഷന്റെ കാര്യമായതിനാൽ പലരും എതിർത്തൊന്നും പറയാറില്ല. നിയമമറിയാവുന്ന ചിലർ ഈ കൊള്ളയ്ക്കെതിരെ രംഗത്തെത്തിയപ്പോൾ ചില സ്കൂളുകൾ പണം തിരികെ നൽകാൻ തയ്യാറായി. ഹയർസെക്കൻഡറി വിഭാഗം കോട്ടയത്തുള്ള റീജിയണൽ ഡയറക്ടറുടെ കീഴിലായതിനാൽ പലരും പരാതി നൽകാൻ മടിക്കുകയാണ്. പരാതി പറയാനായി ഫോണിൽ വിളിക്കുമ്പോൾ ആഫീസിലാരും എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
രസീതിലും കൃത്രിമം
പല സ്കൂളിലും അഡ്മിഷൻ സമയത്ത് പി.ടി.എ ഫണ്ട് ശേഖരിക്കുമ്പോൾ ഡ്യൂപ്ലിക്കേറ്റ് മാതൃകയിലുള്ള കൗണ്ടർഫോയിൽ രസീതാണ് നൽകുന്നത്. കണക്കിൽപ്പെടാതെ കൂടുതൽ തുക വാങ്ങുന്നതിനാണിത്. ഇത് സുതാര്യമല്ലെന്ന് കണ്ടെത്തിയതിനാൽ രണ്ട് വശത്തും കാർബണുളുള്ള ടിആർ 5 രസീത് നൽകണമെന്ന് സർക്കാർ നിർദേശമുണ്ട്. എന്നാൽ ഇത് പലരും ഇപ്പോഴും പാലിക്കുന്നില്ല.