തൊടുപുഴ: ഏത് നടപ്പാതയിലും തിരക്കേറിയ റോഡരികിലും തോന്നിയ പോലെ വാഹനം പാർക്ക് ചെയ്ത് വഴിയാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയാം. എവിടെയും എത്രസമയം വേണമെങ്കിലും വണ്ടിയിട്ട് ഗതാഗത തടസം സൃഷ്ടിച്ചാക്കാം. ആരും ഒന്നും ചോദിക്കില്ല. ഇതാണ് തൊടുപുഴ നഗരത്തിലെ ഇപ്പോഴത്തെ സ്ഥിതി. നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളിലും തന്നെ ഇരു വശത്തും വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ പാർക്ക് ചെയ്യുന്ന സാഹചര്യമാണ്. പാലാ റോഡ്,​ മൂവാറ്റുപുഴ റോഡ്,​ ഇടുക്കി റോഡ്,​ മാർക്കറ്റ് റോഡ്,​ അമ്പലംബൈപ്പാസ് തുടങ്ങി അനധികൃത വാഹന പാർക്കിംഗ് ഇല്ലാത്ത ഒരു സ്ഥലവുമില്ല. പലയിടത്തും കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സീബ്ര ലൈനിലും ഫുട്പാത്തിലും പോലും വാഹനങ്ങൾ കയറ്റി ഇട്ടിരിക്കുന്നത് കാണാം. നടപ്പാതയിൽ വാഹനം കിടക്കുന്നതിനാൽ കാൽനടയാത്രക്കാർ പലപ്പോഴും മെയിൻ റോഡിലൂടെ ഇറങ്ങിപോകേണ്ട ഗതികേടാണുള്ളത്. ഇത് വലിയ അപകടങ്ങൾക്ക് ഇടയാക്കും. വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് കടന്ന് വരാനാകാത്തവിധം വഴിയടച്ച് മുന്നിൽ തന്നെ വാഹനം പാർക്ക് ചെയ്യുന്നത് പലപ്പോഴും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത് പലപ്പോഴും ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിനും ഇടയാക്കുന്നുണ്ട്. അനധികൃത പാർക്കിംഗ് കാരണം ഗതാഗത കുരുക്ക് ഏറ്റവും രൂക്ഷമാക്കുന്നത് മാർക്കറ്റ്‌ റോഡിലാണ്. ഇവിടെ രാവിലെയും വൈകിട്ടും ലോഡിംഗ് കയറ്റിറക്ക് പാടില്ലെന്ന് നിബന്ധനയുണ്ടെങ്കിലും ഇതൊന്നും ആരും വകവയ്ക്കുന്നില്ല. ഇവിടെ രാപ്പകലില്ലാതെ വാഹനങ്ങൾ ഗതാഗത തടസം സൃഷ്ടിച്ച് പാർക്ക് ചെയ്ത് ‌ലോഡ് ഇറക്കുകയും കയറ്റുകയും ചെയ്യുന്നുണ്ട്. കിഴക്കൻമേഖലയിൽ നിന്ന് നഗരത്തിലേക്ക് വരുന്ന എല്ലാ ബസുകളും ഇതുവഴിയാണ് പോകുന്നത്. ഇത് വലിയ ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്. ഇടയ്ക്ക്‌ പേരിനൊരു പരിശോധനയുമായി ഉദ്യോഗസ്ഥർ ഇറങ്ങാറുണ്ടെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടാറില്ല.

അനധികൃതമാണ് ഇഷ്ടം

നഗരത്തിൽ പലയിടത്തും സ്വകാര്യ പേ ആന്റ് പാർക്ക് സംവിധാനങ്ങളുണ്ട്. നിസാര പൈസ മാത്രമാണ് ഇവർ ഈടാക്കുന്നതെങ്കിലും ഇതൊന്നും ഉപയോഗിക്കാൻ വാഹനയാത്രികർ തയ്യാറാകുന്നില്ല. വഴിയരികിൽ മാത്രമേ പാർക്ക് ചെയ്യൂവെന്നാണ് വാശി. ഗാന്ധി സ്ക്വയറിനടുത്ത് പഴയ ബസ് സ്റ്റാൻഡിൽ നഗരസഭയുടെ നേതൃത്വത്തിൽ ചെറിയ ഫീസ് വാങ്ങി പാർക്കിംഗ് സംവിധാനമൊരുക്കാൻ ആലോചിച്ചിരുന്നു. എന്നാൽ നടപ്പിലായില്ല.

'പഴയ ബസ്റ്റാൻഡിൽ പേ ആന്റ് പാർക്ക് തുടങ്ങുന്ന കാര്യം നഗരസഭയുടെ പരിഗണനയിലാണ്. കൊവിഡും ലോക്ക്ഡൗണും വന്നതാണ് താമസം നേരിട്ടത്. അനധികൃത പാർക്കിംഗ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വിഷയം കൗൺസിൽ ചർച്ച ചെയ്യും. "

- സിസിലി ജോസ് (തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ)​