 13 പേരെ കാണാതായതിൽ ആറ് രോഗികൾ

തൊടുപുഴ: കൊവിഡ് രോഗം സ്ഥിരീകരിച്ചവരടക്കം 13 അന്യസംസ്ഥാന തൊഴിലാളികളെ കാണാതായി. കാളിയാർ എസ്റ്റേറ്റിൽ പൈനാപ്പിൾ കൃഷിപ്പണിക്കായി എത്തിയ ജാർഖണ്ഡ് സ്വദേശികളായ തൊഴിലാളികളെയാണ് താമസ സ്ഥലത്ത് നിന്ന് കാണാതായത്. ഇവരിൽ ആറു പേരുടെ കൊവിഡ് പരിശോനാ ഫലം പോസിറ്റീവാണ്. കഴിഞ്ഞയാഴ്ചയാണ് ജാർഖണ്ഡ് സ്വദേശികളായ 40 തൊഴിലാളികളെ തോട്ടത്തിലെ പണികൾക്കായി കരാറുകാരൻ ഇവിടെ എത്തിച്ചത്. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് ഇവരെ താമസ സ്ഥലത്ത് നിരീക്ഷണത്തിലാക്കി. ചൊവ്വാഴ്ച ഇവരുടെ സ്രവം കോടിക്കുളം പി.എച്ച്.സി ജീവനക്കാർ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തിരുന്നു. 40 പേരുടെ സ്രവം പരിശോധിച്ചതിൽ ആദ്യം നാല് പേർക്കും പിന്നീട് 12 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് അന്വേഷിച്ചപ്പോൾ ഇവരിൽ 13 പേർ കാണാനില്ലെന്ന് കരാറുകാരൻ അറിയിക്കുകയായിരുന്നു. ഇതിൽ കൊവിഡ് സ്ഥിരീകരിച്ച ആറുപേരുമുണ്ടായിരുന്നു. ഇക്കാര്യം കരാറുകാരൻ പൊലീസിൽ അറിയിച്ചിരുന്നു.

'കാണാതായവരെക്കുറിച്ച് കാളിയാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബാക്കിയുള്ള 10 പേരെ രോഗലക്ഷണമില്ലാത്തതിനാൽ താമസസ്ഥലത്ത് തന്നെ കഴിയാൻ നിർദേശിച്ചിട്ടുണ്ട്."

- ഡോ. സാം (മെഡിക്കൽ ആഫീസർ)​

'തൊഴിലാളികളുടെ നിരീക്ഷണം ഉറപ്പുവരുത്താത്ത കരാറുകാരനെതിരെ കേസ് എടുത്തിട്ടുണ്ട്. കാണാതായ തൊഴിലാളികൾ കാഞ്ഞിരപ്പിള്ളിയിൽ ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. "

- വി.സി. വിഷ്ണുകുമാർ (കാളിയാർ എസ്.ഐ)​