തൊടുപുഴ: ജില്ലയിലെ കട്ടപ്പന നഗരസഭയുൾപ്പടെ 17 തദ്ദേശഭരണ സ്ഥാപനങ്ങളെ ഹരിതകേരളം മിഷൻ ആദരിച്ചു. സംസ്ഥാനത്ത് ഹരിതകേരളം 1000 പച്ചത്തുരുത്തുകൾ പൂർത്തിയാക്കിയതിന്റെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടനുബന്ധിച്ചായിരുന്നു ആദരം. അനുമോദന പത്രം വിശിഷ്ടാതിഥികൾ തദ്ദേശസ്ഥാപന മേധാവികൾക്ക് സമ്മാനിച്ചു. അടിമാലി, കുമളി, പെരുവന്താനം, കുടയത്തൂർ, മുട്ടം, നെടുങ്കണ്ടം, ശാന്തൻപാറ, വാഴത്തോപ്പ്, വണ്ണപ്പുറം, പാമ്പാടുംപാറ, രാജകുമരി, സേനാപതി, കരുണാപുരം, കഞ്ഞിക്കുഴി,​ രാജാക്കാട്, വെള്ളിയാമറ്റം, കട്ടപ്പന നഗരസഭ എന്നിങ്ങനെ 25 പച്ചത്തുരുത്തുകളുടെ ഉടമകളായ തദ്ദേശസ്ഥാപനങ്ങളെയാണ് ആദരിച്ചത്. കേരളത്തിലെ പച്ചത്തുരുത്തുകളെക്കുറിച്ചുള്ള അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്തുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ കാഞ്ഞാർ പച്ചത്തുരുത്തിൽ നടക്കുന്ന ചടങ്ങിൽ വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ സാബി വർഗീസ് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരന് പുസ്തകം നൽകി പ്രകാശനം ചെയ്തു.