തൊടുപുഴ: സെക്യൂരിറ്റി ജീവനക്കാരന്റെ കൈയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കാഞ്ഞിരമറ്റം ബൈപ്പാസിൽ നിന്ന് പി.പി.ഇ കിറ്റ് ധരിച്ചത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ സെലീന എന്ന യുവതിയെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ കാവൽ നിന്ന സെക്യൂരിറ്റി ജീവനക്കാരൻ പട്ടാമ്പി കുമരനല്ലൂർ മാവറ വീട്ടിൽ മോഹനൻ നായരുടെ (63)​ ഇടത് കൈക്ക് സെലീന വെട്ടിയത്. ലഹരിക്ക് അടിമയായ സെലീന രാത്രി പത്തേകാലോടെ ഇവിടെയെത്തി മോഹനൻ നായരെ അസഭ്യം പറയുകയായിരുന്നു. മോഹനൻ നായർ ഇത് ചോദ്യം ചെയ്തു. അപ്പോൾ കൈയിലുണ്ടായിരുന്ന ബ്ലേഡിന് സമാനമായ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സെലീന മോഹനൻ നായരുടെ കൈയ്ക്ക് വെട്ടുകയായിരുന്നു. വലിയ മുറിവാണ് ഉണ്ടായത്. ധാരാളം രക്തം നഷ്ടപ്പെട്ടു. കുറച്ചകലെ കടത്തിണ്ണയിൽ കിടക്കുകയായിരുന്ന രണ്ട് പേർക്ക് നേരേയും സെലീന മൂർച്ചയേറിയ ആയുധം വീശി. ഇവർ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയവരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മോഹനനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാക്കി. തുടർന്ന് ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമമുണ്ടാക്കിയ സ്ത്രീ കഞ്ചാവിനും മദ്യത്തിനും അടിമയാണെന്ന് പൊലീസ് പറയുന്നു. ഇവർ മുമ്പും പലരെയും ആക്രമിച്ചിട്ടുണ്ട്‌. ഇവരെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുമ്പോഴും സെലീന രാത്രിയും പകലും നടക്കുന്നത് കാണാമായിരുന്നു. അറസ്റ്റ് ചെയ്ത സെലീനയെ കൊവിഡ് പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.