moly
നഷ്ടപ്പെട്ട പഴ്സ് സഞ്ജയിന് നൽകുന്നു

തൊടുപുഴ: മോളിയുടെ സുമനസ് മൂലം വിദ്യാർത്ഥിയായ സഞ്ജയിന് ലഭിച്ചത് നഷ്ടമായ പണവും വിലപ്പെട്ട രേഖകളും. കഴിഞ്ഞ ദിവസം തൊടുപുഴയിലെത്തിയ സഞ്ജയിന്റെ പഴ്സ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടിരുന്നു. ഇതിനായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് കാഞ്ഞിരമറ്റം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് മുന്നിലെ റോഡിൽ നിന്ന് 6,500 രൂപയും എ.ടി.എം കാർഡും പാൻകാർഡും ആധാർകാർഡുമടങ്ങിയ പഴ്സ് ലഭിച്ച വിവരം അറിയിച്ച് ഫോൺ വിളിയെത്തുന്നത്. തൊടുപുഴ ജ്യോതി സൂപ്പർബസാറിലെ പ്രിന്റക് പ്രസ് ജീവനക്കാരിയായ വാഴക്കുളം വേങ്ങത്താനത്ത് മോളി സാന്റോയ്ക്കാണ് ഇവ ലഭിച്ചത്. പഴ്സിനുള്ളിലുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ ഫോട്ടോ കോപ്പിയിൽ എഴുതിയിരുന്ന ഫോൺനമ്പറിൽ വിളിച്ചപ്പോഴാണ് മുരിക്കാശേരി കൊച്ചുതാഴത്ത് സഞ്ജയ് സജിയുടെ പഴ്സാണിതെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ സഞ്ജയിന്റെ ബന്ധുവും ക്രൈം ബ്രാഞ്ച് എസ്‌.ഐയുമായ സിജു ജോസഫ് പ്രിന്റ്ക് പ്രസിലെത്തി ഉടമ ടോം ചെറിയാന്റെ സാന്നിധ്യത്തിൽ മോളിയിൽ നിന്നു പഴ്സ് ഏറ്റുവാങ്ങി.