 
ചെറുതോണി:സഞ്ചാരികൾക്ക് വിസ്മയകാഴ്ച്ചകൾ തിർത്ത് പുന്നയാർ വെള്ളച്ചാട്ടം. മഴ ശക്തി പ്രാപിച്ചതോടെ വെള്ളച്ചാട്ടം സന്ദർശിക്കാൻ നിരവധി ആളുകൾ എത്തുകയാണ്. ഇത് കഞ്ഞിക്കുഴി പഞ്ചായത്തിലെ ടൂറിസം വികസനത്തിന് അനന്തമായ സാദ്ധ്യതകളാണ് സമ്മാനിക്കുന്നത്. മൈലപ്പുഴയുടെ മല അടിവാരത്തു നിന്നും തുടങ്ങി പഴയരിക്കണ്ടം പുഴ ഇടുക്കിയുടെ സൗന്ദര്യം അവാഹിച്ച് അഞ്ച് കിലോമീറ്റർ ദൂരം ശാന്തമായി ഒഴുകി പുന്നയാറിൽ എത്തുമ്പോൾ രൗദ്രഭാവം പൂണ്ട് ആർത്ത് അലച്ച് ചെങ്കുത്തായ പാറയിലൂടെ ഒഴുകി അഗാത ഗർത്തത്തിലെയ്ക്ക് പതിക്കുമ്പോൾ വെള്ളച്ചാട്ടത്തിന് പൂർണ്ണത കൈവരിക്കുകയാണ്. എത്രകണ്ടാലും മതിവരാത്തത്ര സൗന്ദര്യമാണ് ഇവിടെ വെള്ളച്ചാട്ടത്തിന് ഉള്ളത്.
അടിമാലി -കുമളി ദേശീയപാത കടന്നു പോകുന്ന കീരിത്തോട്ടിൽ നിന്ന് നാല് കിലോമിറ്റർ ദൂരവും ആലപ്പുഴ മധുര സംസ്ഥാന പാതയിൽ വട്ടോൻ പാറയിൽ നിന്ന് മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പുന്നയാർ വെള്ളച്ചാട്ടത്തിൽ എത്തിചേരാം.
വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് ഉള്ള ഒന്നര കിലോമീറ്റർ ദൂരം റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ നടന്നു വേണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ . ആരാലും അറിയപ്പെടാതെ കിടന്ന വെള്ളച്ചാട്ടം അടുത്ത നാളുകളിലാണ് പ്രശസ്തമായത് . ഇവിടെ വേണ്ടത്ര അടിസ്ഥാന സൗകര്യം ഒരുക്കിയാൽ ഇടുക്കിയിലെ ടൂറിസം ഭൂപടത്തിൽ പുന്നയാർ വെള്ളച്ചാട്ടവും ഇടം പിടിക്കും .