ഇടുക്കി: നെടുങ്കണ്ടത്തെ സി.പി.ഐ സംസ്ഥാന നേതാവിനെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ വനിതാ പ്രവർത്തകയായ വീട്ടമ്മയെ മറ്റൊരു മുതിർന്ന നേതാവ് അസഭ്യം പറഞ്ഞതായി പരാതി. ലൈംഗിക അതിക്രമ പരാതിയിൽ ജില്ലാ കൗൺസിൽ നിയോഗിച്ച കമ്മിഷൻ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പുതിയ പരാതിക്ക് ഇടായ സംഭവം. ഇതിനിടെ കമ്മിഷൻ ശേഖരിച്ച മൊഴി പുറത്തുവിട്ടതായും ആക്ഷേപമുണ്ട്. ലൈംഗിക അതിക്രമ പരാതി തെളിവെടുപ്പിൽ സി.പി.ഐ പ്രാദേശിക ആഫീസിൽ തർക്കമുണ്ടായിരുന്നു. കമ്മീഷൻ അംഗവും വനിത നേതാവുമായാണ് തർക്കമുണ്ടായത്. വനിതാ നേതാവ് ആരോപണ വിധേയനെതിരെ നൽകിയ മൊഴി തെറ്റാണെന്ന് കമ്മിഷനിലെ ഒരംഗം വാദിച്ചതോടെയാണ് തെളിവെടുപ്പിൽ തർക്കം നടന്നത്. ഇതോടെ വനിത നേതാവ് അന്വേഷണ കമ്മിഷൻ അംഗത്തിനു നേരെ അസഭ്യ വർഷം നടത്തുകയായിരുന്നു. ഇതു സംബന്ധിച്ച് വനിതാ നേതാവ് സംസ്ഥാന കൗൺസിലിനും ജില്ലാ കമ്മിറ്റിക്കും പരാതി നൽകി.