കാഞ്ഞാർ: കാഞ്ഞാർ കൈപ്പ കവലയിൽ ചിത്രീകരണം ആരംഭിക്കുന്ന ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിൻ്റെ സെറ്റ് നിർമ്മാണത്തിനിടെ സമീപത്ത് പഞ്ചായത്ത് ഒരുക്കിയിരുന്ന പച്ച തുരുത്തിലെ വൃക്ഷതൈകൾ നശിപ്പിച്ചതായി പരാതി. പഞ്ചായത്ത് ഹരിത കേരളത്തിൻ്റേയും കുടുംബശ്രീയുടേയും സഹായത്തോടെയാണ് ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് പച്ച തുരുത്ത് എന്ന് പേരിട്ട് വനം സൃഷ്ടിക്കുവാനുള്ള ശ്രമം നടത്തുന്നത്. ഷൂട്ടിങിനായി സെറ്റ് തയ്യാറാക്കുന്ന സംഘം അനുമതിയില്ലാതെ പച്ചതുരുത്തിൽ കയറിയതായിട്ടാണ് പരാതി. പച്ച തുരുത്തിൽ സെറ്റിനായി നിർമ്മാണ പ്രവർത്തനവും തുടങ്ങി. വിവരമറിഞ്ഞ് ഹരിത കേരളം അധികൃതരും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. ഷൂട്ടിങ് സംഘവുമായി നടന്ന ചർച്ചയിൽ പച്ച തുരുത്തിൽ ഉള്ള ഫലവൃക്ഷതൈകൾക്ക് നാശം സംഭവിക്കാത്ത വിധം ഷൂട്ടിങ് നടത്തണമെന്ന ധാരണയിൽ പ്രശ്നത്തിന് പരിഹാരമായി.