ഇടവെട്ടി : പഞ്ചായത്തിലെ വയോജനങ്ങൾക്കായി പുതുതായി നിർമിച്ച 'പകൽ വീടിന്റെ' ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അശ്വതി.ആർ. നായർ, എ.കെ. സുഭാഷ് കുമാർ, മെമ്പർമാരായ ലത്തീഫ് മുഹമ്മദ്, ജസീല ലത്തീഫ്, ബീവി സലിം, ഡോ.മരീന ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ സമദ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്തിൽ നിന്നനുവദിച്ച 20 ലക്ഷം രൂപാ ഉപയോഗിച്ചാണ് പകൽ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹാൾ, സിറ്റ് ഔട്ട്, പകൽ വീട്ടിലെത്തുന്നവർക്ക് വിശ്രമ സൗകര്യം, ശുചിമുറി, അടുക്കള എന്നീ സൗകര്യങ്ങൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇവിടേക്കുള്ള ജീവനക്കാരെ ഉടൻ നിയമിക്കും. ഇടവെട്ടി ഗ്രാമപഞ്ചായത്തിനും സാമൂഹ്യ ക്ഷേമ വകുപ്പിനുമാണ് പകൽ വീടിന്റെ മേൽനോട്ട ചുമതല.

ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ് ഉദ്ഘാടനം ചെയ്തു. പി.ജെ.ജോസഫ് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് പി.എച്ച്.സിയുടെ പുതിയ ബ്ലോക്കിന്റെ പണികൾ ഉടൻ ആരംഭിക്കും.