തൊടുപുഴ: ജില്ലയിലൊരിടത്തും ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ കിട്ടാനില്ല. സർട്ടിഫിക്കറ്റുകൾക്കുൾപ്പെടെ ഏറ്റവുധികം ആവശ്യമുള്ള 100, 50, 20 രൂപയുടെ പത്രങ്ങളാണ് കിട്ടാനില്ലാത്തത്. 500 രൂപ മുടക്കി ഉയർന്ന മൂല്യമുള്ളവ വാങ്ങേണ്ട അവസ്ഥയാണ്. വിവിധ കരാറുകൾ തയ്യാറാക്കാനും ജനനമരണ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എടുക്കുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങൾ, ലൈഫ് മിഷൻ ഭവന പദ്ധതി തുടങ്ങിയവയ്ക്കും ഉൾപ്പെടെ സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് അപേക്ഷ സമർപ്പിക്കാനും കുറഞ്ഞ തുകയുടെ മുദ്രപ്പത്രങ്ങൾ ആവശ്യമാണ്. കുറഞ്ഞ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ കൂടിയ മൂല്യമുള്ളതാക്കി മാറ്റാൻ ട്രഷറി ഡയറക്ടർ ജില്ലകളിലെ സ്റ്റാമ്പ് ഡിപ്പോ ഓഫിസർമാർക്കു പ്രത്യേക അധികാരം നൽകിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. ദൈനംദിന ജോലികൾക്കിടയിൽ വേണം ഇതുചെയ്യേണ്ടത് എന്നതിനാൽ ഒരു ദിവസം 300 മുതൽ 500 എണ്ണം വരെ മാത്രമേ സീൽ ചെയ്തു ഒപ്പുവച്ചു കമ്പ്യൂട്ടറിൽ സ്റ്റോക്ക് രേഖപ്പെടുത്തി വിതരണം ചെയ്യാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.
ക്ഷാമ കാരണം
കൊവിഡ്
മഹാരാഷ്ട്രയിലെ നാസിക് സെക്യൂരിറ്റി പ്രസിലാണ് മുദ്രപ്പത്രങ്ങൾ അച്ചടിക്കുന്നത്. കൊവിഡ് വ്യാപനം മൂലം നാസിക്കിൽ നിന്ന് ആവശ്യത്തിനു ലഭിക്കാത്തതാണ് ക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് ജില്ലാ സ്റ്റാമ്പ് ഡിപ്പോ അധികൃതർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ 11 ലക്ഷം മുദ്രപ്പത്രങ്ങൾ എത്തിച്ചെങ്കിലും നാസിക്കിലെ പ്രസിൽ പോയി വന്നവരുടെ കൊവിഡ് നിരീക്ഷണകാലം കഴിഞ്ഞു മാത്രമേ വിതരണം ആരംഭിക്കൂ. വില്പന നടത്തുന്ന സ്റ്റാമ്പ് വെൻഡർമാർക്കും സബ് ട്രഷറികളിലേക്കും ജില്ലാ ഡിപ്പോകളിൽ നിന്നാണ് മുദ്രപ്പത്രം വിതരണം ചെയ്യുന്നത്.
'ഒരു കരാറെഴുതാനായി പാലായിൽ നിന്ന് തൊടുപുഴയിലെത്തിയതാണ്. ടൗണിൽ എല്ലായിടത്തും 100 രൂപ മുദ്രപത്രം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 500 രൂപയിൽ താഴെയുള്ള മുദ്രപത്രം ഒരിടത്തും കിട്ടാനില്ലായിരുന്നു"
- ജോബിൻ ജോർജ്