തൊടുപുഴ: ഹരിതകേരളം സംഘടിപ്പിക്കുന്ന പച്ചത്തുരുത്തുകളുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന ദേശീയ പരിസ്ഥിതി സെമിനാറിൽ ജില്ലയെ പ്രതിനിധീകരിക്കുന്നത് വെള്ളിയാമറ്റം പഞ്ചായത്ത്. കാഞ്ഞാർ പച്ചത്തുരുത്തിന്റെ മികവിലാണ് സംസ്ഥാനത്തെ ഏഴ് തദ്ദേശഭരണ സ്ഥാപനങ്ങൾ മാത്രം പങ്കെടുക്കുന്ന ദേശീയ വെബിനാറിൽ വെള്ളിയാമറ്റത്തിന് അവസരം ലഭിച്ചത്. പോത്തൻകോട് (തിരുവനന്തപുരം), ഉദയഗരി (കണ്ണൂർ), കുമരകം (കോട്ടയം), മീനങ്ങാടി (വയനാട്), തൃക്കരിപ്പൂർ (കാസർഗോഡ്),പൊന്നാനി മുനിസിപ്പാലിറ്റി(മലപ്പുറം) എന്നിവയാണ് പച്ചത്തുരുത്തുകളുടെ പാരിസ്ഥിതിക പ്രാധാന്യവുമായി ബന്ധപ്പെട്ട വെബിനാറിൽ പങ്കെടുക്കുന്ന മറ്റ് തദ്ദേശഭരണസ്ഥാപനങ്ങൾ. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന വെബിനാറിലാണ് കാഞ്ഞാർ പച്ചത്തുരുത്തിന്റെ അവതരണം നടക്കുന്നത്. വിദഗ്ദ്ധരുൾപ്പെട്ട ദേശീയ പാനൽ പച്ചത്തുരുത്തിന്റെ അവതരണം വിലയിരുത്തും. പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഷീബാ രാജശേഖരൻ എന്നിവർ വെബിനാറിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് വെബിനാർ അവസാനിക്കും. ജില്ലയിലെ ഏറ്റവും വലിയ പച്ചത്തുരുത്താണ് കാഞ്ഞാറിലെ ഒരേക്കർ സ്ഥലത്ത് പഞ്ചായത്ത് പരിപാലിക്കുന്നത്. 1200ലേറെ വിവിധ ഇനം ഫലവൃക്ഷങ്ങളും മറ്റുമാണ് ഈ പച്ചത്തുരുത്തിലുള്ളത്.