 
തൊടുപുഴ: നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് വീണ്ടും തുറന്ന മലങ്കര ടൂറിസം ഹബ്ബിലേക്ക് ജനങ്ങൾ എത്തിത്തുടങ്ങി. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ബുധനാഴ്ച്ച മുതൽ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും മലങ്കര ഹബ്ബിന്റെ കാര്യത്തിൽ അവ്യക്ത നിലനിന്നിരുന്നു. എന്നാൽ കളക്ടർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, എം വി ഐ പി അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് ഹബ്ബ് പ്രവർത്തിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമായത്. ഹബ്ബിൽ എത്തുന്നവർക്കായി സാനിറ്റൈസർ, കൈകഴുകാനുള്ള സംവിധാനം, ശരീരത്തിന്റെ താപനില അളക്കുന്നതിനുള്ള സൗകര്യം എന്നിങ്ങനെ ജീവനക്കാർ കൊവിഡ് നിയന്ത്രണങ്ങൾ ഹബ്ബിൽ സജ്ജമാക്കിയിട്ടുണ്ട്.
രണ്ട് ദിവസം 200 ൽപരം ആളുകൾ
വ്യാഴം മുതലാണ് ഹബ്ബ് വീണ്ടും പ്രവർത്തനം ആരംഭിച്ചതെങ്കിലും രണ്ട് ദിവസങ്ങളിലായി 200 ൽപരം ആളുകളാണ് ഹബ്ബിൽ എത്തിയത്. കൊവിഡിന് മുൻപ് ശനി, ഞായർ മറ്റ് അവധി ദിവസങ്ങളിൽ ദിവസവും 3000 ൽപരം ജനങ്ങളാണ് ഇവിടേക്ക് എത്തിയിരുന്നത്.
ബോട്ടിങ്ങ് ആരംഭിക്കണം.....
കുട്ടികളുടെ പാർക്ക്, മലങ്കര അണക്കെട്ടിലെ വെള്ളം കെട്ടി കിടക്കുന്ന മനോഹാരിത, അണക്കെട്ട് സന്ദർശനം എന്നിങ്ങനെയാണ് ഇവിടെ നിലവിലുള്ള സൗകര്യങ്ങൾ. എന്നാൽ മൂന്ന് കോടി മുടക്കി കൊട്ടി ഘോഷിച്ച് സ്ഥാപിച്ച എൻട്രൻസ് പ്ലാസ ജനത്തിന് പ്രയോജനം ലഭിക്കാതെ നോക്കു കുത്തിയായി മാറി. മലങ്കര ഹബ്ബിനോട് അനുബന്ധിച്ച് അണക്കെട്ടിലെ വെള്ളം മലിനമാകാത്ത വിധത്തിലുള്ള ബോട്ടിഗ് ഉടൻ ആരംഭിക്കും അതിനുള്ള പദ്ധതി പൂർണ്ണമായി എന്ന് ഹബ്ബ് ഉദ്ഘാടന വേദിയിൽ കളക്ടർ പ്രഖാപിച്ചിരുന്നു. എന്നാൽ അതൊന്നും പ്രാബല്യത്തിലയുമില്ല.