kattana
കാട്ടാന കൃഷി നശിപ്പിച്ചിരിക്കുന്നു

കുമളി: കാട്ടാനകൾ രണ്ട്ദിവസമായി കൃഷി ഭൂമിയിലിറങ്ങി നാശനഷ്ടം വരുത്തുന്നു. 62 മൈൽ തൊണ്ടിയാർ മേഖലകളിലാണ് രണ്ട് ദിവസങ്ങളിലായി രാത്രി കാലങ്ങളിൽ കാട്ടാനകൾ വ്യാപകമായി ഏലം നശിപ്പിച്ചിരിക്കുന്നത്.മാർട്ടിൻ കൊച്ചുപുര,ക്രിസ് ഇല്ലിക്കമുറി, സെബി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൂട്ടം ഏലം കൃഷി നാശം വരുത്തിയത്. കുരിശുമല, മുല്ലയർ, വള്ളക്കടവ് എന്നീ മേഖലകളിലും വനാതിർത്തിയിലുള്ള കൃഷിസ്ഥലങ്ങളിലും നാശം വരുത്തുന്നത് സർവ്വസാധാരണമാണ്.മുൻപും പലതവണ കൃഷി നശിപ്പിക്കുകയും കർഷകർക്ക് നഷ്ടപരിഹാരം നൽകാമെന്ന് വനം വകുപ്പ് ഉന്നത ഉദ്യഗസ്ഥർ ഉറപ്പും നല്കിയിരുന്നു. എന്നാൽ യാതൊരു സഹായവും നൽകാൻ തയ്യാറായിട്ടില്ല. വിളവെടുപ്പ് നടത്താറായ ഏക്കർ കണക്കിന് ഭുമി യിലാണ് നാശംവരുത്തുന്നത്.കൃഷിയിടങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ ട്രെഞ്ച് നിർമ്മാണത്തിനും വൈദ്യുതി വേലി നിർമ്മാണത്തിനും എല്ലാവർഷവും പണം അനുവദിക്കാറുണ്ടെങ്കിലും കർഷകർക്ക് യാതൊരു ഗുണവും ഇല്ല .വനം വകുപ്പിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ കഴിഞ്ഞ ഉത്രാട നാളിൽ നിരഹാര സമരം നടത്തിയിരുന്നു.അടുത്ത ഘട്ടമെന്ന നിലയിൽ ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി ഫയൽ ചെയുമെന്ന് കർഷക കോൺഗ്രസ് പീരുമേട് നിയോജക മണ്ഡ്ലം പ്രസിഡന്റ് മജോ കാരിമുട്ടം പറഞ്ഞു.