കാഞ്ചിയാർ:പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കോടാലിപ്പാറയിൽ നിർമ്മാണം പൂർത്തീകരിച്ച ആൺകുട്ടികൾക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു.
പട്ടിക ജാതി പട്ടികവർഗ്ഗ മന്ത്രി എ കെ ബാലൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, മന്ത്രി കെ കൃഷ്ണൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ വി ശശി എന്നിവർ മുഖ്യാതിഥികളായി. ജനപ്രതിനിധികൾ, പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനിത് കുമാർ, പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ ഡോ പി പുഗഴേന്തി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി ഐ ശ്രീവിദ്യ എന്നിവർ സന്നിഹിതരായിരുന്നു.
കോടാലിപ്പാറ ഹോസ്റ്റൽ സമുച്ചയത്തിൽ നടന്ന പ്രദേശിക ചടങ്ങിന്റെ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണിയും ശിലാഫലകം അനാച്ഛാദന കർമ്മം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആർ ശശിയും നിർവ്വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.