joseph

തൊടുപുഴ: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് (എം)​ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളിലും ഇത്തവണയും മത്സരിക്കുമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ഇക്കാര്യം കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടില്ല,​ തന്നാലും സ്വീകരിക്കില്ല. സൗഹാർദ്ദപരമായ വിട്ടുവീഴ്ചയ്ക്ക് തയ്യാറുണ്ടോ എന്ന ചോദ്യത്തിന് 'സ്റ്റാറ്റസ്‌കോ നിലനിറുത്തണം' എന്നായിരുന്നു മറുപടി. മാണി ഗ്രൂപ്പിലെ പ്രമുഖ നേതാക്കളെല്ലാം തങ്ങൾക്കൊപ്പമാണ്. ജോസ് കെ. മാണിയുടെ കുഴലൂത്തുകാരനായി മാറിയ റോഷി അഗസ്റ്റിൻ എം.എൽ.എ മാത്രമാണ് അവർക്കൊപ്പമുള്ളത്. പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാർത്ഥിയായി താൻ നിർദ്ദേശിച്ചത്. ജോസ് കെ. മാണി അദ്ധ്യക്ഷനായ സമിതി അത് തള്ളി. ആര് ആവശ്യപ്പെട്ടാലും ചിഹ്നം നൽകുമായിരുന്നെന്നും ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.