തൊടുപുഴ: കേരളകോൺഗ്രസ് ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിലേക്ക് പോയതിൽ പ്രതിഷേധിച്ച് കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റും നാല് അംഗങ്ങളും 250 പ്രവർത്തകരും പി.ജെ. ജോസഫ് പക്ഷത്ത് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി കേരളകോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ്​ എം.ജെ. ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ് കാട്ടുപാലത്ത്,​ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനു പ്രസാദ്,​ ബിജു ജോം കാലാപറമ്പിൽ,​ ജെയിൻ സെബാസ്റ്റ്യൻ വാഴയിൽ എന്നിവരുടെ നേൃത്വത്തിലാണ് പാർട്ടിവിട്ടത്. കേരളാ കോൺഗ്രസിന്റെയും കെ.എം. മാണിയുടെയും നയങ്ങളും ആശയങ്ങളും ഇടതുപക്ഷവുമായി യോജിക്കുന്നതല്ലെന്ന് ജോയി തോമസ് പറഞ്ഞു. നാലര വർഷത്തെ ഇടതുഭരണം കേരളത്തെ സമസ്തമേഖലകളിലും പിറകോട്ടടിച്ചു. അഴിമതിയും സ്വജന പക്ഷപാതവും മുമ്പൊരിക്കലും നടക്കാത്ത തരത്തിലാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ,​ ജില്ലാ പഞ്ചായത്ത് മെമ്പർ നോബിൾ ജോസഫ്, മണ്ഡലം പ്രസിഡന്റ്​ ജോയി കൊച്ചുകരോട്ട് എന്നിവരും പങ്കെടുത്തു.