തൊടുപുഴ: ഹൃദയശസ്ത്രക്രിയ കഴിഞ്ഞ പി.ജെ. മത്തായിച്ചനോട് ഡോക്ടർ പറഞ്ഞു, അധികം വെയിലുകൊള്ളരുതെന്ന്. എപ്പോഴും വെയിലടിക്കുന്ന തൊടുപുഴ തെനംകുന്ന് ബൈപ്പാസ് റോഡരികിലായിരുന്നു മത്തായിച്ചന്റെ കട. താൻ പകൽ മുഴുവൻ ചെലവഴിക്കുന്ന കടയിൽ വെയിലടിക്കാതിരിക്കാൻ മത്തായിച്ചൻ ഒരു എളുപ്പവഴി കണ്ടെത്തി. കടയ്ക്ക് ചുറ്റും താനെ വളർന്ന് വന്ന പയർവള്ളികളെ കടയുടെ മുകളിലേക്ക് കയറ്റി വിട്ടു. ദിവസങ്ങൾക്കകം അത് വളർന്ന് കടയ്ക്ക് മുകളിലൊരു പച്ചക്കുട തീർത്തു. ഇപ്പോൾ എയർകണ്ടീഷൻ ചെയ്ത മുറിക്ക് തുല്യമാണ് മത്തായിച്ചന്റെ കട.
സ്വന്തമായി ടൂറിസ്റ്റ് ബസുകളുണ്ടായിരുന്ന നടുക്കണ്ടം സ്വദേശിയായ ഈ 65കാരന്റെ ജീവിതം മാറ്റിമറിച്ചത് എട്ട് വർഷം മുമ്പ് വന്ന ഒരു നെഞ്ച് വേദനയായിരുന്നു. ഹൃദയത്തിലെ പ്രധാന ധമനിയായ അയോട്ടയ്ക്കായിരുന്നു തകരാർ. ഇത് പരിഹരിക്കാൻ 12 ലക്ഷം രൂപ മുടക്കി ശസ്ക്രിയ ചെയ്യേണ്ടി വന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യപ്രശ്നങ്ങൾ പലതും ബാക്കിയായി. വെയിലടിച്ചാൽ പെട്ടെന്ന് ശരീരത്തിന്റെ നിറം മാറി തളർന്നുപോകും. അങ്ങനെ നോക്കി നടത്താനാകാതെ വണ്ടികളെല്ലാം വിൽക്കേണ്ടി വന്നു. തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ചെറിയ കട തുടങ്ങി. ഇപ്പോൾ രണ്ട് വർഷമായി മണക്കാട്- തെനംകുന്ന് ബൈപ്പാസിലാണ് കട നടത്തുന്നത്. ബീഡി, സിഗരറ്റ്, നാരങ്ങാവെള്ളം, ലോട്ടറി, കളിപ്പാട്ടങ്ങൾ തുടങ്ങിയവയെല്ലാം മത്തായിച്ചന്റെ കടയിൽ കിട്ടും. നഗരത്തിലെ തിരക്കുകൾക്കിടയിൽ നിന്ന് സ്വസ്ഥമായി ഇരിക്കാൻ പല സുഹൃത്തുക്കളും ഈ 'പച്ചക്കട" തേടിയെത്താറുണ്ട്. ഫിലോമീന മാത്യുവാണ് ഭാര്യ.