കുമളി: മാലിന്യം എന്നു കേട്ടാലേ മൂക്കുംപൊത്തും ആളുകൾ .ജൈവ മാലിന്യസംസ്‌കരണ പ്ലാന്റെന്ന് കേട്ടാലും സ്ഥിതി വ്യത്യസ്ഥമല്ല. എന്നാൽ കുമളി പഞ്ചായത്തിന്റെ മുരിക്കുംതൊട്ടിയിലെ മാലിന്യസംസ്‌കരണ പ്ലാന്റിലെത്തുന്നവർ സ്ഥലം മാറിപ്പോയോ എന്ന് സംശയിക്കും. അത്രയ്ക്ക് ആകർഷകമായാണ് ഇവിടെ പച്ചത്തുരുത്തും നക്ഷത്രവനവുമൊക്കെ ഒരുക്കിയിട്ടുള്ളത്.മാലിന്യ പ്ലാന്റിനെക്കുറിച്ചുള്ള ധാരണ മാറ്റിയെഴുതണമെന്നുറപ്പിച്ചാണ് കുമളി ഗ്രീൻ സർവീസ് സൊസൈറ്റി ഹരിതകേരളവുമായി ചേർന്ന് പച്ചത്തുരുത്തും നക്ഷത്രവനവുമൊരുക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് പറയുന്നു.
കവാടം മുതൽ പ്ലാന്റിലേയ്ക്കുള്ള ഇരുവശങ്ങളിലുമായാണ് സന്ദർശകർക്ക് സ്വാഗതമോതുന്ന പച്ചത്തുരുത്തും നക്ഷത്രവനവും അണിയിച്ചൊരുക്കിയിട്ടുള്ളത്.രണ്ടരയേക്കർ ഭൂമിയാണ് ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റിയുടെ മാലിന്യപ്ലാന്റിനുള്ളത്.കുമളിയിലെ സവിശേഷമായ ഈ മാലിന്യപ്ലാന്റിന്റെ പ്രവർത്തനങ്ങൾ നേരിൽക്കാണാനും പഠിക്കാനും സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമെല്ലാം നിരവധി സംഘങ്ങൾ ഇവിടെയെത്താറുണ്ട്.

നാൽപ്പതിനങ്ങളിലായി നൂറ്റമ്പത് മരങ്ങൾ


നാൽപ്പതിനങ്ങളിലായി നൂറ്റമ്പത് മരങ്ങളാണ് 50 സെന്റിലെ ഈ പച്ചത്തുരുത്തിലുള്ളത്.വൃക്ഷങ്ങൾ,വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ എന്നിവയെയെല്ലാം ഉൾക്കൊള്ളുന്ന ആസൂത്രിത സമ്മിശ്ര വനത്തിനാണ് ഇവിടെ രൂപം കൊടുത്തിരിക്കുന്നത്. ബഡ് പ്ലാവുകളും സാദാ പ്ലാവുകളുമൊക്കെയുണ്ട് ഇക്കൂട്ടത്തിൽ. മാവും പ്ലാവും കായ്ച്ചു.പത്തടിയോളം ഉയരത്തിൽ നല്ല തലയെടുപ്പോടെയാണ് ഇവയുടെ നിൽപ്പ്.നല്ല വളക്കൂറുള്ള മണ്ണാണ്,മാത്രമല്ല ജൈവവളവും നനയ്ക്കലുമെല്ലാം മുറയ്ക്കുള്ളതിനാൽ സുഭിക്ഷമാണ് ഇവയുടെ കാര്യങ്ങൾ.പേര, സപ്പോട്ട,ഇല്ലി, ഞാവൽ,ഇലിമ്പിപ്പുളി,പാഷൻപ്രൂട്ട്,ഇലഞ്ഞി, നെല്ലി,നാരകം, ചാമ്പ (മൂന്നു തരം),എരിക്ക്, വിവിധയിനം പപ്പായ,മൾബെറി,വേപ്പ് തുടങ്ങിയവയെല്ലാം ചേർന്ന് ഈ പച്ചത്തുരുത്തിനെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. നൂറ്റമ്പതോളം മരങ്ങളെന്ന് നിജപ്പെടുത്തിയത് ബോധപൂർവ്വമാണെന്ന് സൊസൈറ്റി പ്രവർത്തകർ പറയുന്നു. പച്ചത്തുരുത്തിൽ ഇപ്പോൾത്തന്നെ പേരയ്ക്കയും പപ്പായയും മൾബെറിപ്പഴവുമൊക്കെ തിന്നാൻ പലതരം കിളികളെത്തുന്നുണ്ട്. ഇവരിലൂടെ സ്വാഭാവിക വനം രൂപം കൊള്ളട്ടെയെന്നാണ് ഇവരുടെ നിലപാട്.ഇതിനോട് ചേർന്നുതന്നെയാണ് രണ്ട് സെറ്റ് നക്ഷത്രവനങ്ങളും.ഒന്ന് ഭൂമിയിൽ നട്ടുവളർത്തുന്നത്,മറ്റൊന്ന് ചട്ടിയിലാണ്. എക്‌സിബിഷനിലും മറ്റും പോകുമ്പോൾ സൊസൈറ്റി ഉൽപ്പന്നങ്ങൾക്കൊപ്പം ഈ റെഡിമെയ്ഡ് നക്ഷത്രവനവുമുണ്ടാകും. 27 നക്ഷത്രനാളുകൾക്കും അനുയോജ്യമായ വൃക്ഷങ്ങളെല്ലാം രണ്ട് സെറ്റിലും സജ്ജം.
കുമളി പഞ്ചായത്തിലെ ജൈവമാലിന്യ സംസ്‌കരണത്തിന് ചുക്കാൻ പിടിക്കുന്ന കുമളി ഗ്രീൻ സർവീസ് സൊസൈറ്റിയിലെ തൊഴിലാളികളാണ് പച്ചത്തുരുത്തിന്റെ പരിപാലനം നിർവ്വഹിക്കുന്നത്. ഓരോ ദിവസവും ഓരോരുത്തരായി സ്വയം ചുമതല ഏറ്റെടുത്ത് ഈ പച്ചത്തുരുത്തിനെ നന്നായി പരിപാലിക്കുന്നു.