തൊടുപുഴ: സ്ഥലം മാറിപ്പോയ താലൂക്ക് സപ്ളൈ ആഫീസർക്ക് പകരക്കാരനെ നിയമിക്കാത്തത് റേഷൻ വിതരണത്തിൽ താളപ്പിഴകൾക്ക് കാരണമാകുന്നതായി കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. മു മ്പെങ്ങും ഇല്ലാത്തവിധം തൊടുപുഴ താലൂക്കിൽ റേഷൻ വിതരണവും, കിറ്റ് വിതരണവും മുടങ്ങി. പല റേഷൻ കടകളിലും ബി.പി.എൽ, എ.എ.വൈ. കാർഡുടമകൾക്കുള്ള അരിയും ഗോതമ്പും തുടക്കത്തിൽത്തന്നെ തീർന്നു. പി. എം. ജി. കെ. എ. വൈ. സ്‌കീമിലുള്ള അരിയും ഗോതമ്പും പല കടകളിലും സ്റ്റോക്കില്ല. ഈ മാസത്തെ മണ്ണെണ്ണ ഇതുവരേയും കടകളിൽ എത്തിയിട്ടില്ല. എൻ.പി.എൻ.എസ്. (വെള്ള) കാർഡുകൾക്കുള്ള കിറ്റ് വിതരണം നടത്താൻ ഇതുവരെ കടകളിൽ എത്തിയിട്ടില്ല. കിറ്റ് വാങ്ങാൻ എത്തുന്നവർ റേഷൻ വ്യാപാരികളുമായി വഴക്ക് ഉണ്ടാക്കുന്നത് നിത്യ സംഭവമായി മാറി. രണ്ടുമാസം മുമ്പ് താലൂക്ക് സപ്ലൈ ആഫീസറായി ചാർജ്ജെടുത്ത ഉദ്യോഗസ്ഥൻ മൂന്ന് മാസം തികയുന്നതിന് മുമ്പ് സ്ഥലംമാറി പോയി. എത്രയും വേഗം താലൂക്ക് സപ്ലൈ ആഫീസറെ നിയമിച്ച് റേഷൻ വിതരണം കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി എസ്.എം. റെജി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ജോഷി ജോസഫ്, ബിജു കരിങ്കുന്നം എന്നിവർ പ്രസംഗിച്ചു.