തൊടുപുഴ: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരെ വീടുകളിൽ തന്നെ നിരീക്ഷണത്തിലിരുത്താൻ തീരുമാനിച്ചതോടെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റുകളിൽ (സി.എഫ്.എൽ.ടി.സി) രോഗികളുടെ എണ്ണം കുറയുന്നു. കൊവിഡ് രോഗികളുടെ എണ്ണം ദിവസവും നൂറ് കടക്കുന്നതോടെ കൊവിഡ് ആശുപത്രികളും സി.എഫ്.എൽ.ടി.സികളും നിറയുന്ന കാഴ്ചയായിരുന്നു രണ്ടാഴ്ച മുമ്പ് വരെ. എന്നാൽ ലക്ഷണങ്ങളില്ലാത്തവർക്ക്‌ വീട്ടിൽ നിരീക്ഷണത്തിലിരിക്കാമെന്ന സർക്കാർ നിർദേശം വന്നതോടെ കൂടുതൽപേരും അതാണ് പിന്തുടരുന്നത്. നിലവിൽ ജില്ലയിലെ കൊവിഡ് ‌രോഗികളിൽ 50 ശതമാനവും ഇപ്പോൾ വീടുകളിൽ തന്നെ ഐസൊലേഷനിലാണ്. വീട്ടിൽ മറ്റു കുടുംബാംഗങ്ങളിൽ നിന്നൊഴിഞ്ഞ്‌ വേറൊരു മുറിയിൽ കഴിയാനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം. ഒരു കുളിമുറിയും കൂടിയുള്ള മുറിയാണ്‌ ഹോം ഐസലേഷന് കൂടുതൽ അഭികാമ്യം. മറ്റു കുടുംബാംഗങ്ങളുമായുള്ള എല്ലാ വിധത്തിലുമുള്ള സമ്പർക്കം ഒഴിവാക്കാനും നിർദേശമുണ്ട്.

ഡൊമിസിലിയറി സെന്ററുകൾ

തോട്ടം മേഖല പോലെയുള്ളിടങ്ങളിൽ ഹോം ഐസൊലേഷൻ ഫലപ്രദമാകുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. രോഗികൾക്ക് ഒരു മുറി നൽകുക എന്നത് ഇവർക്ക് അപ്രായോഗികമാണ്. ഈ സാഹചര്യത്തിൽ ഇവർക്കായി കൊവിഡ് കെയർ സെന്ററുകൾ പോലെ ഡൊമിസിലിയറി സെന്ററുകൾ സ്ഥാപിക്കാൻ ജില്ലാ ഭരണ കൂടം ആലോചിക്കുന്നുണ്ട്. നിർധനായവർ, വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കാൻ കഴിയാത്തവർ എന്നിവർക്ക് ഇവിടെ താമസ സൗകര്യമൊരുക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് ഇത് കണ്ടെത്തുന്നതിന്റെ ചുമതല.

'നിലവിൽ ജില്ലയിൽ കൊവിഡ് ബാധിച്ച ഗുരുതരരോഗികളാരും ഇല്ല"

- ഡോ. എൻ. പ്രിയ ( ഇടുക്കി ഡി.എം.ഒ)​

സി.എഫ്.എൽ.ടി.സി കിടക്കകൾ രോഗികളുടെ എണ്ണം
ഇടുക്കി മെഡിക്കൽകോളേജ് 80 65
തൊടുപുഴ ജില്ലാ ആശുപത്രി 64 22
അക്കാദമിക്‌ബ്ലോക്ക് 100 19
ഉത്രം റെസിഡൻസി 103 76
കട്ടപ്പന 70 41
ഇടുക്കി 300 36
എം.ആർ.എസ് കുട്ടിക്കാനം 150 67
നെടുങ്കണ്ടം കരുണ 59 16
അടിമാലി 150 76