ചെറുതോണി: 1964ലെയും 1993ലെയും ഭൂപതിവ് നിയമങ്ങൾ ജില്ലയിലെ ജനങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നതിനാൽ സർവ്വകക്ഷിയോഗ തീരുമാനമനുസരിച്ചുള്ള നിയമ ഭേദഗതികളുണ്ടാകാൻ എല്ലാ വിഭാഗത്തിലുള്ളവരും ഒറ്റയ്‌ക്കോ കൂട്ടായോ സമരരംഗത്തിറങ്ങണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ പറഞ്ഞു. ചെറുതോണിയിൽ നടന്നുവരുന്ന കേരളാ കോൺഗ്രസ് (എം) ജോസഫ് നേതൃത്വത്തിലുള്ള റിലേ സത്യാഗ്രഹത്തിന്റെ 55-ാം ദിവസം കട്ടപ്പന പഞ്ചായത്തിലെ നേതാക്കൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റ ജനതയുടെ നിലനിൽപ്പിനുവേണ്ടി നടത്തപ്പെടുന്ന റിലേ സത്യാഗ്രഹത്തിന് വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ പിന്തുണ ജില്ലാ സെക്രട്ടറി വാഗ്ദാനം ചെയ്തു. മൂന്നാറിലെ ഒറ്റപ്പെട്ട അനധികൃത കൈയേറ്റങ്ങളുടെ പേരിൽ ഒരു ജില്ലയിലെ ജനങ്ങളെ മുഴുവൻ അനധികൃത കൈയേറ്റക്കാരായി കാണുന്ന സമീപനം ശരിയല്ല. സർവ്വകക്ഷിയോഗതീരുമാനം നടപ്പാക്കി ജനങ്ങളെ സഹായിക്കുന്നതിനുപകരം സുപ്രീംകോടതിയിൽ പോകാനുള്ള ആലോചന സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ടി.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബെന്നി വേനംപടം, കട്ടപ്പന മണ്ഡലം വൈസ് പ്രസിഡന്റ് രാജൻ കുമ്പഴ, സെക്രട്ടറി ജെയിംസ് പാറയ്ക്കൽ എന്നിവർ സത്യാഗ്രഹമനുഷ്ഠിച്ചു. മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ്ജ്, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം വർഗീസ് വെട്ടിയാങ്കൽ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, ജനറൽ സെക്രട്ടറി ടോമി തൈലംമനാൽ, ഇടുക്കി കാർഷിക വികസന സഹകരണബാങ്ക് മെമ്പർ ബെന്നി പുതുപ്പാടി, കെ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ആർ. സജീവ്കുമാർ എന്നിവർ പ്രസംഗിച്ചു. സമാപനയോഗം പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം നോബിൾ ജോസഫ് ഉദ്ഘാടനം ചെയ്തു.