ചെറുതോണി: കേരളാ കോൺഗ്രസിന്റെ അടിസ്ഥാന ആശയങ്ങളിൽ നിന്ന് വ്യതിചലിച്ച് ഇടതുമുന്നണിയിൽ ചേരാനുള്ള ജോസ് കെ. മാണിയുടെ തീരുമാനം കെ.എം. മാണിയോടുള്ള ആത്മവഞ്ചനയും രാഷ്ട്രീയ ആത്മഹത്യയുമാണെന്ന് കേരളാ കോൺഗ്രസ് (എം) കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ജോയി കാട്ടുപാലം പറഞ്ഞു. ജോസ് കെ. മാണി വിഭാഗത്തിൽ നിന്ന് രാജിവെച്ച് ജോസഫ് വിഭാഗത്തിൽ ചേർന്ന ജോയി തോമസ് കാട്ടുപാലം, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. മനുപ്രസാദ് നേതാക്കളായ ബിജു ജോൺ, ജെയിൻ സെബാസ്റ്റ്യൻ എന്നിവർക്ക് പാർട്ടി ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നൽകിയ സ്വീകരണങ്ങൾക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം വർഗീസ് വെട്ടിയാങ്കൽ നേതാക്കളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മുറ്റിയംഗം നോബിൾ ജോസഫ്, ജില്ലാ സെക്രട്ടറിമാരായ വി.എ. ഉലഹന്നാൻ പ്രദീപ് ജോർജ്, സംസ്ഥാന കമ്മറ്റിയംഗം ടോമി തൈലംമനാൽ, കാമാക്ഷി മണ്ഡലം പ്രസിഡന്റ് ബെന്നി പുതുപ്പാടി, കെ.റ്റി.യു.സി. ജില്ലാ സെക്രട്ടറി കെ.ആർ. സജീവ്കുമാർ എന്നിവർ പ്രസംഗിച്ചു.