വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിൽ മനംനൊന്ത് കർഷകൻ കാടുകയറി
കുമളി: വന്യമൃഗങ്ങൾ കൃഷിനശിപ്പിക്കുന്നത് പതിവായതോടെ മാനസികമായി തകർന്ന യുവകർഷകൻ കാടുകയറി. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ അവശനിലയിൽ കാട്ടിൽ നിന്ന് കണ്ടെത്തിയ കുമളി 62-ാം മൈൽ സ്വദേശി കൊച്ചുപുരയ്ക്കൽ മാർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തി പ്രദേശമായ 63-ാം മൈലിലാണ് തൊണ്ടിയാർ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി ചെയർമാൻ കൂടിയായ മാർട്ടിന്റെ രണ്ടര ഏക്കർ ഏലത്തോട്ടമുള്ളത്. ഇവിടെ ആനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളിറങ്ങി കൃഷി നശിപ്പിക്കുക പതിവാണ്. പതിവുപോലെ ശനിയാഴ്ച രാവിലെ മാർട്ടിൻ, ഭാര്യ സോണിയ, മകൻ ജിയോ എന്നിവരോടൊപ്പം ജീപ്പിൽ കൃഷിയിടത്തിൽ എത്തിയിരുന്നു. എന്നാൽ ഇവിടെ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഒരേക്കറോളം വരുന്ന സ്ഥലത്തെ ഏലം പൂർണ്ണമായും കാട്ടാന നശിപ്പിച്ച സ്ഥിതിയിലായിരുന്നു. ഭാര്യയോടും മകനോടും വീട്ടിലേക്ക് പൊയ്‌ക്കോളാൻ പറഞ്ഞ ശേഷം മാർട്ടിൻ കൃഷിയിടത്തിലേക്ക് തന്നെ പോയി. വളരെ നേരം കഴിഞ്ഞിട്ടും മാർട്ടിനെ കാണാതായതോടെ വീട്ടുകാർ കൃഷിസ്ഥലത്തെത്തി അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല. തുടർന്ന് ഇവർ പൊലീസിലും വനംവകുപ്പിലും അറിയിച്ചു. വണ്ടിപ്പെരിയാർ എസ്.ച്ച്.ഒ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സമീപ പ്രദേശങ്ങളിലും മറ്റും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴയെതുർന്ന് പൊലീസ് പരിശോധന നിറുത്തി. ഉച്ചയ്ക്ക് ശേഷം വനപാലകരും നാട്ടുകാരും ചേർന്ന് വീണ്ടും പരിശോധന ആരംഭിച്ചു. വൈകിട്ട് ഏഴുമണിയോടെ കൃഷിയിടത്തിൽ നിന്ന് രണ്ട് കിലോമീറ്ററോളം അകലെയുള്ള കാട്ടിൽ സംസാരിക്കാൻ പോലുമാകാതെ അവശനിലയിലായ മാർട്ടിനെയാണ് കണ്ടത്.
'മൂന്നു വർഷം പ്രായമായ ഏലച്ചെടികളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. തന്റെയും കുടുംബത്തിന്റെയും മൂന്നു വർഷത്തെ കഷ്ടപ്പാടിന് ഗുണഫലം ലഭിക്കേണ്ട സമയത്തായിരുന്നു ഇത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. സാമ്പത്തിക നഷ്ടത്തേക്കാൾ ഉപരി തന്റെ ഇത്രയും കാലത്തെ കഷ്ടപ്പാട് വെറുതേയായതിന്റെ മാനസിക ബുദ്ധിമുട്ട് മൂലം എന്തു ചെയ്യമണമെന്നറിയാതെ ലക്ഷ്യമില്ലാതെ നടക്കുകയായിരുന്നു. അമിതമായി രക്തസമ്മർദ്ദം ഉയർന്നതോടെ അവശനായി വീണു പോകുകയായിരുന്നു."
- മാർട്ടിൻ (കർഷകൻ)
കർഷകന് മാത്രം വിലയില്ല
പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തി പ്രദേശങ്ങളായ വള്ളക്കടവ്, തൊണ്ടിയാർ, മുല്ലയാർ, 63-ാം മൈൽ, കുരിശുമല ഉൾപ്പെടെയുള്ള മേഖലയിൽ വന്യമൃഗങ്ങളിറങ്ങി കൃഷി നശിപ്പിക്കുക പതിവാണ്. ഇതുസംബന്ധിച്ച് കർഷകർ നിരവധി പരാതികൾ വനം വകുപ്പിനു നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. പ്രശ്ന പരിഹാരത്തിന് കിടങ്ങ് നിർമ്മിക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്ന് കർഷകർ പറയുന്നു. വന്യ മൃഗങ്ങളുടെ ശല്യം ഒഴിവാക്കാനായി അനുവദിക്കുന്ന പണമുപയോഗിച്ച് പണികൾ ചെയ്യാതെ കരാറുകാരും ഉദ്യോഗസ്ഥരും പങ്കിട്ടെടുക്കുകയാണെന്നാണ് കർഷകരുടെ ആരോപണം. കർഷകരുടെ ഹർജിയുടെ അടിസ്ഥാനത്തിൽ വന്യമൃഗങ്ങളുടെ ശല്യം ഇല്ലാതാക്കാൻ നടപടിയെടുക്കണമെന്ന് 2012ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് പാലിക്കാൻ പോലും അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ലെന്ന് കർഷകർ പറയുന്നു.