ഇടുക്കി: ടെസ്റ്റുകൾ കുറച്ച് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം പിന്നിലെന്ന് വരുത്താൻ ശ്രമിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടികല്ലാർ. കോൺഗ്രസ് കുമളി മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ നിരക്കിനേക്കാൾ കൂടുതലാണ്. പ്രതിദിനം 150 ടെസ്റ്റുകൾ വരെ നടത്തിയിരുന്ന സർക്കാർ ലാബുകളിൽ പരിശോധന പകുതിയായെന്നാണ് റിപ്പോർട്ടുകൾ. ആന്റിജൻ പരിശോധനകളുടെ എണ്ണം കുറയ്ക്കാൻ അനൗദ്യോഗിക നീക്കം നടക്കുന്നു. ആർ.ടി.പി.സി.ആർ പരിശോധനയുടെ എണ്ണത്തിലും കുറവു വരുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി രോഗികളുടെ എണ്ണം കുറയും. ഇത് സർക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. രോഗവ്യാപനം തീവ്രമായ സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിന് ജനങ്ങളുടെ ജീവൻവച്ച് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് മുഖ്യമന്ത്രി. ദുരന്തമുഖത്ത് സർക്കാർ പകച്ചു നിൽക്കുന്നു. സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പൂർണ്ണമായും താളം തെറ്റിയതിനെ തുടർന്നാണ് കേന്ദ്രസംഘം കേരളത്തിലെത്തിയത്. സർക്കാരിന് ഇപ്പോൾ ജനങ്ങളുടെ കാര്യം ശ്രദ്ധിക്കുന്നതിലല്ല താത്പര്യം. മണ്ഡലം പ്രസിഡന്റ് ബിജു ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ. ജോയ് തോമസ്, സി.പി. മാത്യു, അഡ്വ. സിറിയക് തോമസ്, പി.എ. അബ്ദുൽ റഷീദ്, എം.എം. വർഗീസ് എന്നിവർ പ്രസിഗിച്ചു.