ഇടുക്കി : ജില്ലയിലെ വിവിധ ആദിവാസി ഊരുകളോടനുബന്ധമായി 15 ഊരുവിദ്യാ കേന്ദ്രങ്ങൾക്ക് ഇന്നു തുടക്കമിടുന്നു. രാവിലെ 11 ന് മൂന്നാർ മറയൂർ തീർത്ഥമലക്കുടിയിൽ ഊരുവിദ്യാ കേന്ദ്രങ്ങളുടെ പ്രവർത്തനോദ്ഘാടനം എസ് രാജേന്ദ്രൻ എം.എൽ.എ നിർവ്വഹിക്കും.
സമഗ്രശിക്ഷ ഇടുക്കി സമർപ്പിച്ച പദ്ധതി അംഗീകരിച്ചാണ് ഈ പ്രവർത്തനത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയതെന്ന് ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഡി .ബിന്ദുമോൾ അറയിച്ചു. മൂന്നാർ, അടിമാലി, കരിമണ്ണൂർ മേഖലകളിലായാണ് ഊരുവിദ്യാ കേന്ദ്രങ്ങൾ അനുവദിച്ചത്. 480 ഓളം കുട്ടികളാണ് ഈ പദ്ധതിയിലെ ഗുണഭോക്താക്കളാവുക. ഒരു വിദ്യാകേന്ദ്രത്തിൽ അതേ വിഭാഗത്തിൽപ്പെട്ട ഊരുവിദ്യാ വോളന്റിയറാണ് ക്ലാസുകൾ നയിക്കുക. പഠന സാമഗ്രികളും വിവിധ പഠന പരിപോഷണ പരിപാടികളും ഈ കേന്ദ്രത്തിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കും. കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കുക, തുടർച്ച ഉറപ്പാക്കുക, കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങൾ കണ്ടെത്തുക, പ്രാദേശിക രക്ഷകർതൃ യോഗങ്ങൾ സംഘടിപ്പിക്കുക മുതലായ പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ/ഊരുകളുടെ സംസ്‌കാരവും ഭാഷയും പഠനപ്രവർത്തനങ്ങളിൽ ഇഴ ചേരുന്ന രീതിയിലാകും ഈ പദ്ധതി.

ഊരുവിദ്യ കേന്ദ്രങ്ങൾ

തുടങ്ങുന്ന ഇടങ്ങൾ


ആലാംപെട്ടികുടി
ചെമ്പകത്തൊഴുകുടി
പാലപ്പെട്ടികുടി
സൊസൈറ്റിക്കുടി
പെരിയകുടി
വൽസപെട്ടികുടി
തീർത്ഥമലക്കുടി
ഈച്ചാംപെട്ടികുടി

കൊരങ്ങാട്ടികുടി
മഴുവടികുടി
ഞാവൽപാറകുടി
താളുകണ്ടംകുടി
തേത്തലകുടി
വെങ്കായപാറകുടി

തടിയനാൽ