ഇടുക്കി: ജില്ലയിൽ സുഭിക്ഷ കേരളം പദ്ധതിയടെ ഭാഗമായി കൃഷി ആരംഭിച്ചത് 1642.21 ഹെക്ടർ സ്ഥലത്ത് .ഏകദേശം 2713 കർഷകരാണ് ഈ പദ്ധതിയിൽ അംഗങ്ങളായിട്ടുളളത്. ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉത്പ്പാദനം വർദ്ധിപ്പിക്കാനും അതുവഴി തൊഴിലും വരുമാനവും സംരംഭങ്ങളും സൃഷ്ടിക്കുന്നതിനുമായി ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുളള സുഭിക്ഷ കേരളംപദ്ധതിയുമായി ബന്ധപ്പെട്ട് 228 ഓളം പ്രോജക്ടുകളാണ് പഞ്ചായത്ത് തലത്തിൽ തയ്യാറാക്കുകയും അംഗീകാരം വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ 'ആത്മ' പദ്ധതി പ്രകാരം 1506 പ്രോജക്ടുകൾ തിരഞ്ഞെടുക്കുകയും നടപ്പിലാക്കി വരുകയും ചെയ്തു വരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
സുഭിക്ഷകേരളം പദ്ധതിയിലൂടെ 225 കിസാൻ ക്രെഡിറ്റ് കാർഡ് അപേക്ഷകൾ കൃഷിഭവൻ തലത്തിൽ സ്വീകരിക്കുകയും ശുപാർശ ചെയ്ത് അനുബന്ധ ബാങ്കുകളിലേയ്ക്ക് കർഷകർക്ക് വായ്പ അനുവദിക്കുന്നതിനായി നൽകുകയും ചെയ്തിട്ടുണ്ട്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കർഷകരുടെ ഉത്പ്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നതിനും ജനങ്ങൾക്ക് ഗുണമേൻമയുള്ള തദ്ദേശീയമായ ഉത്പ്പന്നങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുന്നതിനുമായി ജില്ലയിൽ കർഷകവിപണികൾ തയ്യാറായി വരുകയാണ്. ജില്ലയിൽ കാർഷിക സംസ്‌കരണ വിപണന സാദ്ധ്യതകൾ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമാണ് ജില്ലാ കാർഷിക വിപണി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിലുണ്ടാകുന്ന കാർഷികോൽപ്പാദന വർദ്ധനവ് കണക്കിലെടുത്താണ് സംഭരണ, വിപണന, സംസ്‌കരണ കേന്ദ്രങ്ങളുടെ ആവശ്യകത.
എല്ലാ നഗരസഭ / ഗ്രാമപഞ്ചായത്തുകളിലും കർഷകവിപണി ഒരുക്കുന്നതിലൂടെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് വില്ക്കുവാനാകും. ഓരോ പ്രദേശത്തുമുള്ള സർക്കാർ, അർദ്ധ സർക്കാർ, സഹകരണ മേഖലയിലുള്ള ഏത് വിപണിക്കും ഇതിന്റെ ഭാഗമാകാം. ജില്ലയിലെ ഇക്കോ ഷോപ്പുകളും കുടുംബശ്രീ മാർക്കറ്റുകളും ഇതിൽ പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു..
ഫലവൃക്ഷതൈകൾ വിതരണം
ഒരു കോടി ഫലവൃക്ഷതൈകൾ വിതരണപദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 2,30,000 തൈകളും രണ്ടാം ഘട്ടത്തിൽ 1,63,940 ഫലവൃക്ഷ തൈകളും വിവിധ ഏജൻസികൾ വഴി ജില്ലയിലെ കർഷകർക്ക് ലഭ്യമാക്കാൻ കഴിഞ്ഞു.