കുമളി: കഴിഞ്ഞ ദിവസം കാട്ടാന കൃഷി നശിപ്പിച്ച അറുപത്തിരണ്ടാം മൈലിലെ കർഷകരെയും കുടുംബാംഗങ്ങളെയും സംഘടിപ്പിച്ച് കർഷക കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെരിയാർ വളളക്കടവ് റേഞ്ച് ഓഫിസിലേക്ക് കർഷക സമരം നടത്തി.
കഴിഞ്ഞ ഒരാഴ്ച്ച രണ്ട് തവണയാണ് കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് ഏലംകൃഷി നശിപ്പിച്ചിട്ടും വനം വകുപ്പ് തിരിഞ്ഞ് നോക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. ട്രഞ്ച് നിർമ്മിക്കുകയും അതിന് സാദ്ധ്യമാകാത്ത സ്ഥലങ്ങളിൽ വൈദ്യുത വേലികൾ സ്ഥാപിച്ചും വന്യമൃഗങ്ങൾ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്നത് തടയുക, കൃഷി നാശം സംഭവിച്ച കർഷകർക്ക് അർഹമായ നാശനഷ്ടം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക കോൺഗ്രസ് സമരം സംഘടിപ്പിച്ചത്.
കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മജോ കാരിമുട്ടം അദ്ധ്യക്ഷത വഹിച്ച സമരം ജില്ല പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.ഡി സി സി സെക്രട്ടറി ഷാജി പൈനേടത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലിസ് സണ്ണി, പി.നളിനാക്ഷൻ, ഷാജി കുരിശുംമൂട്,മാർട്ടിൻ കൊച്ചുപുരക്കൽ, മാത്തുക്കുട്ടി, സോണിയ മാർട്ടിൻ, ജെബിൻ എബ്രഹാം, എന്നിവർ പ്രസംഗിച്ചു.