തൊടുപുഴ: വകുപ്പ് തല പരീക്ഷ എഴുതുന്നതിന് കൊവിഡ് വ്യാപനകാലത്തും ഏറെ ദുരിതം അനുഭവിക്കേണ്ട അവസ്ഥയിലാണ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും. വകുപ്പ്തല പ്രൊമോഷന്റെ വേണ്ടിയുള്ള പരീക്ഷകൾ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ എന്നിവർക്ക് മുൻ കാലങ്ങളിൽ ജില്ലയിലെ വിവിധ താലൂക്കുകൾ കേന്ദ്രീകരിച്ച് കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. എന്നാൽ നവംബർ മാസത്തിൽ ആരംഭിക്കുന്ന പരീക്ഷകൾക്ക് ജില്ലയിൽ കട്ടപ്പനയിൽ മാത്രമാണ് പരീക്ഷാകേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇത് സ്ത്രീകൾ, അംഗപരിമിതർ, ആരോഗ്യ പ്രശ്നം ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയാണ് ഉയർന്ന് വന്നിരിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഭൂവിസ്തൃതിയും യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയുമുള്ള ഇടുക്കിയിൽ കട്ടപ്പനയിൽ മാത്രം പരീക്ഷ കേന്ദ്രം അനുവദിച്ചിരിക്കുന്നത് കൂടുൽ പ്രതിസന്ധിക്ക് ഇടവരുത്തും . രാവിലെ 8 ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് 7.30 ന് മുൻപും 7.30 ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് 7ന് മുൻപും പരീക്ഷാഹാളിൽ എത്തണം. ഈ സമയങ്ങൾക്ക് ശേഷം എത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കാറുമില്ല. എന്നാൽ ജില്ലയുടെ ദൂര സ്ഥലങ്ങളിൽ നിന്നുള്ള സ്ത്രീകൾ, അംഗ പരിമിതർ മറ്റ് ആരോഗ്യ പ്രശ്നമുള്ളവർ എന്നിവർക്ക് കട്ടപ്പന കേന്ദ്രത്തിൽ കൃത്യ സമയത്ത് എത്താനും കഴിയില്ല എന്നും ജീവനക്കാർ ആശങ്കപ്പെടുന്നു. പരീക്ഷ ആരംഭിക്കുന്നതിന് മുൻപ് ഹാളിൽ എത്തണമെങ്കിൽ വെളുപ്പിന് അല്ലെങ്കിൽ തലേ ദിവസംരാത്രി വീട്ടിൽ നിന്ന് പുറപ്പെടണം. കൊവിഡ് വ്യാപന സമയത്തുള്ള ഇത്തരം ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിന് ജില്ലയിലെ താലൂക്കുകൾ കേന്ദ്രീകരിച്ച് പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണം. ജില്ലയിൽ തൊടുപുഴ ഉൾപ്പെടുന്ന ലോറേഞ്ചിലുള്ളവർക്കാണ് കട്ടപ്പന കേന്ദ്രം ഏറെ പ്രശ്നം ആകുന്നത്.
പരാതികൾക്ക്
നടപടി ആയില്ല.........
ഹൈറേഞ്ചിലുള്ളവർക്ക് കട്ടപ്പന കേന്ദ്രവും ലോറേഞ്ചിലുള്ളവർക്ക് തൊടുപുഴയിലും കേന്ദ്രം എന്ന രീതിയിൽ മാറ്റം വന്നാലും പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരാമാകും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ, പി എസ് സി അധികൃതർ എന്നിവർക്ക് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ആയില്ല എന്നും പറയുന്നു.
"ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള പരീക്ഷകൾക്ക് ഓൺ ലൈൻ സൗകര്യം ലഭ്യമാകുന്ന സ്ഥലങ്ങളിലാണ് കേന്ദ്രം അനുവദിക്കാൻ കഴിയൂ. ഏറെ കോസ്റ്റിലിയായ കാര്യവുമാണ്. ഓരോ കേന്ദ്രങ്ങളിലും ആവശ്യത്തിന് ആളുകളും വേണം"
ഉദയകുമാർ,
ജില്ലാ പി എസ് സി ഓഫീസർ.