തൊടുപുഴ: അയൽവാസിയുടെ ആടിനെ രക്ഷിക്കാനിറങ്ങിയ ആൾ കിണറ്റിൽ കുടുങ്ങി, ഫയർഫോഴ്‌സ് എത്തി രക്ഷപെടുത്തി. കരിമണ്ണൂർ കണ്ണാട്ട് ബിനു (35) ആണ് അയൽവാസിയായ കരിമരുതുംകുന്നേൽ റസാക്കിന്റെ വീട്ടുവളപ്പിലെ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ പതിനന്നോടെയായിരുന്നു സംഭവം. റസാക്കിന്റെ ആട് കിണറ്റിൽ വീണതിനെ തുടർന്ന് ഇതിനെ രക്ഷിക്കാനാണ് ബിനു കയറിൽ തൂങ്ങി കിണറിലിറങ്ങിയത്. എന്നാൽ കിണറ്റിലിറങ്ങിയ ബിനുവിന് തിരികെ മുകളിലേക്ക് കയറാനാകാതെ വന്നു. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തൊടുപുഴയിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ പി.വി.രാജന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘമെത്തി വല ഉപയോഗിച്ച് ബിനുവിനെയും ആടിനെയും കിണറിന് പുറത്തെത്തിയ്ക്കുകയായിരുന്നു. സീനിയർ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ ടി.കെ.ജയറാം, ഫയർ ആന്റ് റെസ്‌ക്യു ഓഫീസർമാരായ ടി.ടി.അനീഷ്‌കുമാർ, ഷിന്റോ ജോസ്, വി.മനോജ്കുമാർ, എം.എൻ.അയൂബ്, ഡി.അഭിലാഷ്, എസ്.എസ്.അൻവർഷാൻ, പി.സജാദ്, മനു ആന്റണി, വി.വിജിൻ, എം.എച്ച്.മുഹമ്മദ് കബീർ, എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.